കുരുന്നുകൾക്ക് സൗജന്യ വസ്ത്രാലയം ഒരുക്കി
മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ പി സ്‌കൂൾ
ആലപ്പുഴ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കൊന്നും ഇപ്പോൾ മക്കളുടെ വസ്ത്രത്തെക്കുറിച്ച് ആവലാതി വേണ്ട. തങ്ങളുടെ കുട്ടികൾക്ക് പുത്തൻ ഉടുപ്പുവേണമെങ്കിൽ സ്‌കൂളിൽ നിന്നുതന്നെ ലഭിക്കും.തികച്ചും സൗജന്യമായി. കൂടുതലും കൂലിപ്പണിക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്‌കൂളിൽ വിദ്യാർഥികൾക്കായി സൗജന്യ വസ്ത്രാലയം ഒരുക്കിയിരിക്കുന്നു.
കുട്ടികൾക്ക് സ്‌കൂൾ ടെക്സ്റ്റയിൽസിൽ നിന്ന് പാകമായ ഇഷ്ട നിറമുള്ള വസ്ത്രം തെരെഞ്ഞെടുക്കാം. ഇപ്പോൾ 70 ജോഡിയോളം കുട്ടിയുടുപ്പുകളാണ് സൗജന്യ വസ്ത്രാലയത്തിൽ ഉള്ളത്്. അധ്യാപകരും സ്ഥലത്തെ ഉദാരമനസ്‌കരും മുൻകൈയെടുത്താണ് സംരംഭത്തിലേക്ക് പുതുവസ്ത്രങ്ങൾ സമാഹരിച്ചത്. വസ്ത്രാലയത്തിനായി സ്‌കൂളിലെ ഒരു മുറിയും ഒരുക്കി. ആർക്കുവേണമെങ്കിലും വിദ്യാർഥികൾക്കായി പുതുവസ്ത്രങ്ങൾ വാങ്ങി നൽകാനും അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് സ്‌കൂളിൽ അവസരം ഒരുക്കിയിട്ടുണ്ട്. ഒരു ജോടി പുതിയ വസ്ത്രം നൽകി സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് സ്‌കൂളുമായി ബന്ധപ്പെട്ടാൽ മാത്രം മതി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളും പരിശീലനങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുക്കി ശ്രദ്ധ നേടിയ സ്‌കൂളാണിത്. രക്ഷിതാക്കൾക്കായി ‘ഓരോ രക്ഷിതാവിനും ഒരു കൈ തൊഴിൽ ‘ പരിശീലന പദ്ധതിയും സ്‌കൂളിൽ നടത്തുന്നുണ്ട്. സ്‌കൂളിലെ രക്ഷിതാക്കളുടെ ഒഴിവ് സമയം വെറുതേകളയാതെ ചെറിയ വരുമാനം നേടാൻ അവരെ പ്രാപ്തരാക്കാനാണ് ഈ പദ്ധതിയുടെ ലക്ഷ്യമിടുന്നതെന്ന് ഹെഡ്മാസ്റ്റർ അശോക് കുമാർ പറഞ്ഞു.പദ്ധതിയുടെ ഭാഗമായി മെഴുകുതിരി നിർമാണം, സ്‌ക്രീൻ പ്രിന്റിഗ് , തുണി സഞ്ചി നിർമാണം , ചോക്ക് ,എൽ.ഇ.ഡി ബൾബ് നിർമാണം, കാട കൃഷി പരിശീലനം എന്നിവ നൽകിവരുന്നു. കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ മറ്റത്തിൽ ഭാഗം സ്‌കൂളിലെ മൂന്ന് ,നാല് ക്ലാസിലെ കുട്ടികൾക്ക് കാടക്കോഴികളെ നൽകിയിരുന്നു. ഇവരിൽ ഇരുപത്തഞ്ച് കുട്ടികൾ കൃഷി വികസിപ്പിച്ച് മുട്ട വിൽപ്പനയും ചെറിയ സമ്പദ്യ ശീലവും ആരംഭിച്ചിട്ടുണ്ട്. അരുക്കുറ്റി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ജോർജ് , ജെ.പി.എച്ച് .എൻ സുധർമ്മാൾ എന്നിവർ സ്‌കൂളിലെത്തി കുട്ടികളെ അനുമോദിച്ചിരുന്നു.സ്‌കൂൾ നൽകിയ കാടക്കോഴി കൃഷിയിൽ നിന്ന് മുട്ട വിറ്റ് കിട്ടിയ സാമ്പാദ്യം അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നൂറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് നേരത്തെ വാർത്തയായിരുന്നു.