ആലപ്പുഴ: ചെറുപ്പം മുതൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വേറിട്ട പദ്ധതിയുമായി ചെങ്ങന്നൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂൾ. തപാൽ വകുപ്പുമായി ചേർന്ന് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പോസ്റ്റൽ അക്കൗണ്ട് തുടങ്ങുന്ന പദ്ധതിയാണ് ചെങ്ങന്നൂർ ഗവ.ബോയ്‌സ് സ്‌കൂളിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയാണ് പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് .
എല്ലാവർക്കും തപാൽവകുപ്പിന്റെ എ.ടി.എം കാർഡുകളും വിതരണം ചെയ്യും. 50 രൂപ നൽകി കുട്ടികൾക്ക് അക്കൗണ്ട് ആരംഭിക്കാം. പിന്നീട് 10 രൂപയോ അതിന് മുകളിലുള്ള തുകയോ അടക്കാം. ഇതിനായി തപാൽ വകുപ്പിന്റെ കൗണ്ടർ ആഴ്ചയിൽ ഒരിക്കൽ സ്‌കൂളിൽ പ്രവർത്തിക്കും. ഇവിടെയോ പോസ്റ്റ് ഓഫീസിൽ നേരിട്ടോ പണം അടയ്ക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. . ആവശ്യമുള്ളപ്പോൾ പണം പിൻവലിക്കാനും സാധിക്കും. ബോയ്സ് സ്‌കൂളിന് സമീപത്തെ ഗവ.ഗേൾസ് ഹൈസ്‌കൂളിനെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺമുളങ്കാട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.പാസ്ബുക്കുകളുടെ വിതരണം തപാൽവകുപ്പ് തിരുവല്ല ഡിവിഷൻ സൂപ്രണ്ട് റ്റി.എ വിജയമ്മ നിർവ്വഹിച്ചു. ചെങ്ങന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളുടേയും പ്രമുഖ വ്യക്തികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാകുന്നത്. ലൈബ്രറി വികസനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന അമ്മയ്ക്ക് ഒരു പുസ്തകം പദ്ധതി ഉദ്ഘാടനവും യൂണിഫോം വിതരണവും നഗരസഭ കൗൺസിലർ സുജാ ജോണും എ.ഇ.ഒ കെ.ബിന്ധുവും നിർവ്വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ എം.വിജയൻ ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചെയർമാൻ കെ.കെ.രാജേന്ദ്രൻ,നഗരസഭ മുൻ ചെയർപേഴ്‌സൺ സുജ ജോൺ, കനിവ് സംഘടന ചെയർമാൻ സജിവർഗീസ്, ഗവ.ഗേൾസ് ഹൈസ്‌കൂൾ പി.ട.എ പ്രസിഡന്റ് സിബി സുനിൽ, മുതിർന്ന അധ്യാപകൻ കെ.കെ.സദാനന്ദൻ, ബോയിസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഷീലാ.കെ.ദാസ്, അധ്യാപകൻ ടി.പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.