സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തിൽ ലഭ്യമാണ്. ചികിത്സ ഉറപ്പാക്കി രോഗവ്യാപനം തടയുന്നതിന് രോഗം തുടക്കത്തിലേ കണ്ടെത്തണം.
ഇതിനായി രോഗബാധ കൂടുതലായി കാണുന്ന എട്ടു ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ രണ്ടാഴ്ചക്കാലം ആരോഗ്യപ്രവർത്തകർ വീടുകൾ കയറി രോഗനിർണയ ക്യാംപെയ്ൻ നടത്തുമെന്നും മന്ത്രി അറിയിച്ചു.
രോഗം ബാധിച്ച് ചികിത്സ തേടാത്ത വ്യക്തിയിൽ നിന്ന് വായു വഴിയാണ് കുഷ്ഠരോഗം പകരുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ മൂന്നുമുതൽ അഞ്ചു വർഷം വരെയെടുക്കും. കുഷ്ഠരോഗത്തിന്റെ ഭാഗമായി വൈകല്യങ്ങൾ കണ്ടുതുടങ്ങുമ്പോൾ മാത്രം ചികിത്സ തേടുന്ന സമീപനം മാറ്റണം. കേരളത്തിൽ ചികിത്സ ലഭിക്കാത്ത ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയുണ്ട്. കുഷ്ഠരോഗ നിർണയ ക്യാംപെയ്‌ന്റെ ലക്ഷ്യം ഒളിഞ്ഞിരിക്കുന്ന രോഗികളെ കണ്ടുപിടിച്ച് ചികിത്സ നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
കുഷ്ഠരോഗം മൂലമുള്ള വൈകല്യത്തിന്റെ ശതമാനം കൂടുതലായുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ എട്ടു ജില്ലകളിലാണ് ക്യാംപെയിൻ നടക്കുന്നത്. ഒരു പുരുഷ വോളന്റിയറും ഒരു വനിതാ വോളന്റിയറും ഉൾപ്പെടുന്ന സംഘം ക്യാംപെയ്ൻ കാലയളവിൽ എല്ലാ വീടുകളിലും സന്ദർശനം നടത്തി കുഷ്ഠരോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തുകയും രോഗനിർണയത്തിനായി ആശുപത്രിയിൽ പോകാൻ ഉപദേശം നൽകുകയും ചെയ്യും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വൈകല്യത്തോടുകൂടിയ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ബ്‌ളോക്കുകളിലെ രോഗബാധിതരുടെ താമസസ്ഥലത്തിനു ചുറ്റുമുള്ള 300 വീടുകൾ സന്ദർശിച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഫോക്കസ്ഡ് ലെപ്രസി കാംപെയ്‌നും ഇതേ കാലയളവിൽ നടക്കും.
ചികിത്സയുള്ള അസുഖത്തെ നാം പേറിനടക്കേണ്ട ആവശ്യമില്ലെന്നും കുഷ്ഠരോഗ നിയന്ത്രണത്തിനുള്ള സർക്കാർ പ്രവർത്തനങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ദേശീയാരോഗ്യ മിഷൻ കേരള ഡയറക്ടർ കേശവേന്ദ്ര കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ. പദ്മലത തുടങ്ങിയവർ സംബന്ധിച്ചു.