ഈ മാസം 10 11 12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്. ക്ഷണക്കത്തുകളുടെ വിതരണം പൂര്‍ത്തിയാവാറായെന്നും കളക്ടര്‍ പറഞ്ഞു. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം ഒരുക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും സജ്ജീകരണം. ജില്ലാ ഭരണകൂടത്തിന്റെയും യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പ്രചാരണപരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്. കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (5) വനിതകളുടെ മെഗാതിരുവാതിര മൂന്നു മണിക്ക് ബോയ്‌സ് ഗ്രൗണ്ടില്‍ നടക്കും.

ഡിസംബര്‍ 10,11,12 തീയതികളിലായാണ് ജില്ലയില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുക. 10 ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9.30 ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കുന്ന പന്തലില്‍ പ്രഭാതയോഗം നടക്കും . പതിനൊന്ന് മണിക്ക് ഐ ഡി എ ഗ്രൗണ്ടില്‍ നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം.

തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും. ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് ആറിന് നടക്കും. രാത്രി പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബര്‍ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭാ യോഗം ചേരുക. തുടര്‍ന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.