ശബരിമല: ഇരുമുട്ടികെട്ടിലും അല്ലാതെയും കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ പരിപൂര്‍ണ്ണ വിശുദ്ധിയുളള കേന്ദ്രമാക്കി മാറ്റാന്‍ ഭക്തജനങ്ങള്‍ പ്രതിജ്ഞച്ചെയണമെന്ന് ദേവസ്വം പ്രസിഡന്റ്  എ.പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തും ശബരിമലയില്‍ മറ്റിടങ്ങളിലുമുളള പ്‌ളാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും, ബാനറുകളും ഘട്ടംഘട്ടമായി പൂര്‍ണ്ണമായി ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. പൂണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് നടത്തിയ ശുചീകരണയജ്ഞ്ത്തിന് തുടക്കം കുറിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനും സന്നദ്ധസേവകര്‍ക്കുമൊപ്പം ഭക്തജനങ്ങളുടെയും പരിപൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമെ പ്‌ളാസ്റ്റിക് വിരുദ്ധക്യാംപെയിന്‍ വിജയിക്കുളളൂ.ശബരിമലയിലെ റോപ്‌വേ പദ്ധതിയെ സംബന്ധിച്ച് അടുത്തബോര്‍ഡ് മീറ്റിങ്ങ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് മെമ്പര്‍മാരായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം സ്‌പെഷ്യല്‍ കമ്മിഷണര്‍ എം.മനോജ്, സന്നിധാനം പോലീസ് കണ്‍ട്രോളര്‍ പി.കെ.മധു, പുണ്യം പൂങ്കാവനം ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ്.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
സന്നിധാനത്തെയും പരിസരത്തെയും പതിമൂന്ന് മേഖലകളാക്കി തിരിച്ച് ഓരോമേഖലയുടെയും ചുമതല ഓരോ വിഭാഗത്തെ ഏല്പിച്ചാണ് ശൂചീകരണ ക്യാംപെയിന്‍ നടത്തിയത്. സന്നിധാനത്തെ പോലീസ് സേനാംഗങ്ങള്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സേനാംഗങ്ങള്‍,  എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ഫയര്‍ബ്രിഗേഡ്, അയ്യപ്പസേവാ സമാജം. അയ്യപ്പസേവാസംഘം, കെ.എസ്.ഇ.ബി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിലെ ഡ്യൂട്ടിയിലുളള ജീവനക്കാര്‍ ഉള്‍പ്പെടെ നാനൂറ്റി അന്‍പതോളം പേര്‍ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി.