സംസ്ഥാനത്തെ എല്ലാ മേഖലകളിലേയും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ നോബൽ എന്ന നിലയിൽ ഈ വർഷം മുതൽ കൈരളി അവാർഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂൾ തലത്തിൽ ശാസ്‌ത്രോത്സവത്തിലൂടെയും അല്ലാതെയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന വിദ്യാർഥിയ്ക്ക് കൈരളി യുവ ശാസ്ത്ര അവാർഡ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം അനുദിനം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. അതിവേഗം വളരുന്ന ശാസ്ത്രമേഖല സാമൂഹികവും ജനകീയവുമാകുമ്പോഴാണ് മനസിന്റെ ചിന്തയായി വരിക. കേവല ശാസ്ത്ര വളർച്ച മാത്രമായി ഒതുങ്ങാതെ സമൂഹത്തിലേക്ക് അവ പ്രയോജനപ്പെടുത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. ഗവേഷണത്തിന്റേയും അന്വേഷണത്തിന്റേയും പാഠപുസ്തകമാകണം ശാസ്‌ത്രോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര ചിന്തങ്ങൾ മനസിലേക്ക് വന്നാലേ മൗലികമായ മാറ്റങ്ങൾ സമൂഹത്തിലേക്ക് എത്തൂ. വരാനിരിക്കുന്ന ശാസ്‌ത്രോത്സവങ്ങൾ ജനകീയമാക്കും. എന്നാലേ ശാസ്ത്രബോധം ജനങ്ങളിലേക്കെത്തൂ. ഇത്തരം മേഖകളിലുള്ള മാറ്റം പുതിയ വിദ്യാഭ്യാസ സംസ്‌ക്കാരം കൊണ്ടുവരും. ജീവിതത്തിലെ എല്ലാ മേഖലയിലും എപ്ലസ് നേടുകയെന്നതാണ് സർക്കാറിന്റെ വിദ്യാഭ്യാസ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കലാ-കായിക-ശാസ്ത്ര ഉത്സവങ്ങൾ പാഠപുത്സതകങ്ങളാക്കും. ഏറ്റവും ശാസ്ത്രീയ വിദ്യാഭ്യാസ നടക്കുന്നത് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ എന്ന അവസ്ഥയിലേക്ക് മാറും. ടാലന്റ് ലാബ് സംവിധാനം പൊതുവിദ്യാഭ്യാസമേഖലയിൽ നടപ്പാക്കും. ഓരോ കുട്ടിയുടേയും സർഗശേഷി അന്വേഷിച്ച് കണ്ടെത്തി വികസിപ്പിക്കാനുള്ള സംവിധാനമാണ് ടാലന്റ് ലാബ് സംവിധാനത്തിലൂടെ ഒരുക്കുക. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ
ഏറ്റവും പ്രാധാന്യമർഹിക്കുന്ന സങ്കൽപ്പമാണ് ടാലന്റ് ലാബ്. സർഗശേഷികൾ വിഷയപഠനത്തോടൊപ്പം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്‌ത്രോത്സവത്തിനു ശേഷം നല്ല ആശയങ്ങൾ കൊണ്ടുവരുന്നവർ തുടർന്ന് ശ്രദ്ധിക്കപ്പെടുന്നില്ലെന്ന പരാതി ഉയർന്നുകേൾക്കുന്നുണ്ട്. ഈ വർഷം ഏറ്റവും നല്ലതെന്ന് വിലയിരുത്തുന്ന ഇനങ്ങൾ ശാസ്‌ത്രോത്സവ രേഖയായി പ്രസിദ്ധീകരിക്കും. ഓരോ പ്രൊജക്ടും അരാണ് അവതരിപ്പിച്ചത്, ആശയം തുടങ്ങിയ രേഖകൾ പ്രസിദ്ധീകരണത്തിലുൾപ്പെടുത്തും. ഗവേഷണത്തിനുതകുന്ന പുസ്തകമാണ് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എ.പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, പുരുഷൻ കടലുണ്ടി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, എം.സി. അനിൽകുമാർ, കെ.വി. ബാബുരാജ്, പി.കിഷൻ ചന്ദ്, സി. അബ്ദുറഹിമാൻ, ഹയർസെക്കണ്ടറി ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടർ പ്രൊഫ.എ. ഫറൂഖ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻ കുമാർ സ്വാഗതവും കോഴിക്കോട് വിദ്യഭ്യാസ ഉപഡയറക്ടർ ഇ.കെ.സുരേഷ് നന്ദിയും പറഞ്ഞു. കലോത്സവ ലോഗോ തയ്യാറാക്കിയ ഒ.ഷിഹാബിന് ഉപഹാരം നൽകി.