അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്‌സ് ട്രോഫിയും സി ബി എല്‍ കിരീടവും കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ജലവീരന്‍ വീയപുരം ചുണ്ടന്‍. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി ഒന്‍പതാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) മൂന്നാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലില്‍ അരങ്ങേറി.
മത്സരങ്ങളില്‍ നിന്നായി 116 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വീയപുരം ചുണ്ടന്‍ ചാമ്പ്യന്മാരായത്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 109 പോയിന്റുമായി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ സി ബി എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനതെത്തി. 89 പോയിന്റുകളുമായി കേരള പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാംസ്ഥാനതെത്തി.
ഫൈനല്‍ മത്സരത്തില്‍ 4.18 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തി വീയപുരം ചുണ്ടന്‍ പ്രസിഡന്റ്‌സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ .4.19 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും, 4.22 സെക്കന്‍ഡില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ച പുന്നമട ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം ഒന്‍പത് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. ചെറുവള്ളങ്ങള്‍ക്കിടയില്‍ ഇരുട്ടുകുത്തി ബി ഭാഗത്തില്‍ ഡാനിയലും , ഇരുട്ടുകുത്തി എ വിഭാഗത്തില്‍ മൂന്നുതൈക്കനും കരുത്ത് തെളിയിച്ചപ്പോള്‍ തെക്കനോടി വനിതകളുടെ മത്സരത്തില്‍ ദേവസ്സ് ജേതാക്കളായി.
സി ബി എല്‍ ജേതാക്കള്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്രസിഡന്റ്‌സ് ട്രോഫി ജേതാവിന് അഞ്ച് ലക്ഷം ആണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും വീതമാണ് സമ്മാനം.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ ചരിത്രത്തില്‍ പ്രധാനമായ പങ്കാണ് അഷ്ടമുടി കായലില്‍ നടക്കുന്ന സി ബി എല്‍ പ്രസിന്റ്‌സ് ട്രോഫി മത്സരങ്ങള്‍ക്കുള്ളതെന്ന് അ്‌ദ്ദേഹം പറഞ്ഞു. മത്സര പ്രൗഢിയാലും ജനപങ്കാളിത്തതാലും ഏറെ ശ്രദ്ധേയമാണ് പ്രസിഡന്റ്‌സ് സി ബി എല്‍ മത്സരങ്ങള്‍ . വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു മത്സരം വിജയകരമായി ഒരുക്കുവാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങള്‍ക്ക് മുന്നോടിയായി എയര്‍ഫോഴ്സിന്റെ പ്രത്യേക എയര്‍ ഷോ കാണികള്‍ക്ക് വിസ്മയ കാഴ്ച്ചയായി. മത്സരത്തോടെ അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
മേയര്‍ പ്രസന്നാ ഏണസ്റ്റ് പതാക ഉയര്‍ത്തി മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചു. എം മുകേഷ് എംഎല്‍എ അധ്യക്ഷനായി. എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ബാലകൃഷ്ണന്‍ മണികണ്ഠന്‍ മുഖ്യാതിഥിയായി. എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപാന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രമീള, സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു