ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള ഒട്ടേറെ നിര്‍ദേശങ്ങളാണുയര്‍ന്നത്. നിര്‍ദേശങ്ങളെല്ലാം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആമുഖഭാഷണത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 20 ലധികം പേര്‍ സംസാരിച്ചു.

ജനകീയസഭ ജനങ്ങളോടൊപ്പമുള്ള ധന്യമായ നിമിഷമാണിതെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. ജില്ലയിലെ റോഡുകളുടെയും കാലങ്ങളുടെയും കുറവും വന്യമൃഗ ശല്യം മൂലം മൂലമുള്ള പ്രയാസങ്ങളുമാണ് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തിയത്. വികസനരംഗത്ത് ഇനിയും മുന്നേറാന്‍ ഉണ്ടെങ്കിലും നേടിയ പുരോഗതി കാണാതെ പോകരുതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. റോഡുകളും പാലങ്ങളും ഇനിയും ആവശ്യമാണ്. എന്നാല്‍ ഇപ്പോഴുള്ളവ തീരെ മോശമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല കൂടുതല്‍ വികസനം ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ നിലവിലുള്ള വനഭൂമിയില്‍ ഒതുക്കി നിറുത്തണം, തോട്ടംമേഖലയിലെ അടഞ്ഞുകിടക്കുന്ന തോട്ടങ്ങളുടെ ഭൂമി കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനായി വീതിച്ചു നല്‍കാന്‍ സംവിധാനം ഒരുക്കണം, ജ. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം എന്നിവയായിരുന്നു സി എസ് ഐ സഭ ഈസ്റ്റ് കേരള ബിഷപ്പ് വി.എസ് ഫ്രാന്‍സിസിന്റെ ആവശ്യം. ബഫര്‍സോണ്‍ വിഷയത്തില്‍ നമ്മുടെ നിലപാട് സുപ്രീകോടതി അംഗീകരിച്ചതാണെന്നും ജനവാസ മേഖലകളെ ബഫര്‍സോണ്‍ ബാധിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ജ.ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അതിനായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുരക്ഷിതത്വം വര്‍ധിപ്പിക്കുകയും വേണം എന്നാണ് യാക്കോബായ ഇടുക്കി ഭദ്രാസനം മെത്രാപൊലീത്ത ബിഷപ്പ് സഖറിയാസ് മാര്‍ പീലക്‌സിനോസിന്റെ ആവശ്യം. ടൂറിസം മേഖലയുടെ വികസനത്തിന് സത്വര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്ലരീതിയില്‍ മുന്നോട്ട് പോകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം ചെറുകിട കര്‍കര്‍ വലിയ പ്രയാസത്തിലാണെന്നും ജില്ലയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് ഇടുക്കിയുടെ ടൂറിസം സാധ്യതക്ക് പ്രാധാന്യം നല്‍കണമെന്നുമായിരുന്നു എസ് എന്‍ ഡി പി മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്റെ ആവശ്യം. കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്നും കാര്‍ഷിക രംഗത്തെ ആധുനികവത്കരണം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും ഇതുവഴി വിലത്തകര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നശേഷി സംവരണം മൂലം സമുദായ സംവരണത്തില്‍ കുറവ് വരരുതെന്നും ആരാധാനാലയങ്ങള്‍ക്കുള്ള അനുമതി തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിച്ചത് മൂലമുണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്നതുമായിരുന്നു കേരള മുസ് ലിം ജമാഅത്ത് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍ കരീം സഖാഫി ആവശ്യപ്പെട്ടത്. സംവരണം കൃത്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും നിലവിലെ സംവരണം തുടരുമെന്നും അതില്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിത്യരോഗികളുടെ കൂട്ടിരിപ്പുകാരായ സ്ത്രീകള്‍ക്ക് സഹായം നല്‍കണമെന്ന ആവശ്യത്തോട് നിലവില്‍ ചില രോഗങ്ങളില്‍ സഹായം നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും നല്‍കാനാവുമോ എന്നത് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്നും മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം എന്നതുമായിരുന്നു ഇടുക്കി രൂപത പ്രതിനിധി ഫാ. ജിന്‍സ് കാരക്കാട്ടിന്റെ ആവശ്യം. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളില്‍ നിങ്ങളേക്കാളേറെ താല്‍പര്യമുള്ളവരാണ് സര്‍ക്കാറെന്നും കര്‍ഷകരെയും കുടിയേറ്റക്കാരെയും കയ്യേറ്റക്കാരായി കാണുന്ന സര്‍ക്കാറല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഭൂപതിവ് ചട്ടത്തില്‍ കാലാനുസൃതമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്. നിയപരമായ അധികാരം സര്‍ക്കാറിന് ലഭിച്ചാലേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായി പരിഹരിക്കാനാവൂ. എന്നാല്‍ ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ പിടിച്ചുവെച്ചിരിക്കുകയാണ്. നാടിന് വിരുദ്ധമാണ് ഈ നിലപാട്. ഗവര്‍ണര്‍ക്ക് അനുമതി അംഗീകാരം നല്‍കാതിരിക്കാനാവില്ല. അതുകിട്ടായാലേ ഭേദഗതി നടപ്പാക്കാനും നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കാനുമാവൂ. ചെയ്യാന്‍ കഴിയുന്നത് മാത്രം പറയുകയും പറയുന്നത് ചെയ്യുന്നതുമായ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സമഗ്ര ആദിവാസി നയം പ്രഖ്യാപിച്ച സര്‍ക്കാറിനെ അഭിനന്ദിച്ച മലയരയ മഹാസഭ പ്രസിഡന്റ് കെ ബി ശങ്കരന്‍ ജനവാസമേഖലയെ വനമേഖലയില്‍ നിന്ന് ഡീമാര്‍ക്ക് ചെയ്യണം, പട്ടികവര്‍ഗ, ഗോത്രമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസം ആനുകൂല്യങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കണം എന്നും അഭിപ്രായപ്പെട്ടു. മലയോര മേഖലയില്‍ ചെറുകിട ജലവൈദ്യുത സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കണമെന്നും അവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മുന്‍കൂര്‍ വില നിശ്ചയിക്കണമെന്നും മുക്കുടം ഇലക്ട്രോ എനര്‍ജി സ്ഥാപകനും യുവ സംരഭകനുമായ രാകേഷ് റോയ് അഭിപ്രായപ്പെട്ടു.
ജില്ലയിലെ തരിശു കിടക്കുന്ന റവന്യൂഭൂമി ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നായിരുന്നു വാഗണിലെ അഡ്വഞ്ചര്‍ ടൂറിസം സംരഭകനായ ജോമി പൂണോലില്‍ ആവശ്യപ്പെട്ടത്. ഭിന്നശേഷി കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന സ്ഥാപനമായ അടിമാലി കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂളിന് അംഗീകാരം നല്‍കുന്നതിനുള്ള അപേക്ഷയില്‍ നടപടി വേഗത്തിലാക്കണം എന്നായിരുന്നു സിസ്റ്റര്‍ മെറിന്റെ ആവശ്യം. ജില്ലയിലെ ചികില്‍സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ആര്‍ച്ച് ബിഷപ്പ് റവ. ലേവി ഐക്കര ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ദ്രുതകര്‍മ സേനയിലെ അംഗങ്ങളുടെ എണ്ണം 50 ആക്കണം, തൊടുപുഴയിലെ അഗ്നിരക്ഷാസേനയില്‍ മാത്രമേ മുങ്ങല്‍ വിദഗ്ധറുള്ളൂവെന്നും ജില്ലയുടെ മറ്റിടങ്ങളിലും അവരുടെ സേവനം ലഭ്യമാക്കണം എന്നുമായിരുന്നു ശാന്തന്‍പാറ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ലീഡര്‍ അഡ്വ. ആഷിഷ് വര്‍ഗീസ് ആവശ്യപ്പെട്ടത്.
മാനസികമായി വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡോക്ടറും സേവനയും മരുന്നും ലഭിക്കുന്നതിലെ നിയമപരമായ തടസ്സം നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്നായിരുന്നു അനാഥാലയ നടത്തിപ്പുകാരുടെ പ്രതിനിധി ബ്രദര്‍ രാജു ആവശ്യപ്പെട്ടത്. വാത്തിക്കുടി പഞ്ചായത്തിലെ ജില്ലാപഞ്ചായത്ത് വൃദ്ധസദനം നിര്‍മാണം പൂര്‍ത്തികരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനായലങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിലെ തടസ്സം നീക്കണം, നിര്‍മാണനിരോധന വിഷയത്തില്‍ സത്വര നടപടി വേണം, സംസ്ഥാനത്തെ നഴ്‌സിങ് പ്രവേശനം നേരത്തേയാക്കണം എന്നിവയാണ് ഫാ. ബിജു വര്‍ഗീസ് ആവശ്യപ്പെട്ടത്.
സംസ്‌കരിച്ച ഫര്‍ണീച്ചര്‍ മാലിന്യത്തില്‍ നിന്ന് നടീല്‍ മിശ്രിതം വികസിപ്പിച്ചെടുത്ത സംരഭകനായ അനുഫ്രാന്‍സിസ് വിഷരഹിത പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ജില്ലയില്‍ ആവശ്യത്തിന് കളിമൈതാനങ്ങള്‍ ആരംഭിക്കണം, മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നായിരുന്നു കായിക മേഖലയുടെ പ്രതിനിധിയായ സി. പ്രദീപ് ആവശ്യപ്പെട്ടത്.
തൊടുപുഴയല്‍ മാത്രമേ പാറമടയും ക്രഷറും ഉള്ളുവെന്നും മറ്റ് താലൂക്കുകളിലും അവ ആരംഭിക്കാന്‍ അനുമതി നല്‍കണം എന്നുമായിരുന്നു ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ സി ജോസ് ആവശ്യപ്പെട്ടത്. നിര്‍മാണനിരോധനം ഏലം മേഖലയില്‍ സ്റ്റോര്‍, ഡ്രയര്‍, കുളം, റോഡ് തുടങ്ങിവയുടെ ഒക്കെ നിര്‍മാണത്തിന് തടസ്സമാകുന്നുണ്ടെന്ന് കര്‍ഡമം ഫെഡറേഷന്‍ ജന. സെക്രട്ടറിയും ഏലം കര്‍ഷകനുമായ സി പി സന്തോഷ് ചൂണ്ടിക്കാട്ടി. നവകേരളസദസ്സ് എന്ന നവീന ആശയത്തിന് അഭിനന്ദനം നേര്‍ന്ന നടന്‍ ജാഫര്‍ ഇടുക്കി ഇടുക്കിയിലെ ജനതയെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കണം എന്നാവശ്യപ്പെട്ടു. മലയരയ മഹാസഭയുടെ സ്ഥാപനങ്ങളില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിലെ തടസ്സം നീക്കണം എന്നായിരുന്നു മലയരയമഹാസഭ പ്രസിഡന്റ് എം കെ സജീവന്റെ ആവശ്യം.
വളരെ പ്രസക്തവും ജില്ലയുടെ സമഗ്ര പുരോഗതിയുമായ ബന്ധപ്പെട്ടതുമായി ഒട്ടേറെ നിര്‍ദേശങ്ങളാണ് ലഭിച്ചതെന്നും സമയപരിമിതി മൂലമാണ് എല്ലാത്തിനും മറുപടി പറയാനാവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും എഴുതി നല്‍കണമെന്നും അവയെല്ലാം സര്‍ക്കാര്‍ ഗൗരമായി പരിഗണിക്കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.