ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് വ്യക്‌തമായ നിലപാടാണുള്ളതെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ഐ.ഡി.എ മൈതാനിയില്‍ നടന്ന ഇടുക്കി മണ്ഡലം നവകേരളസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കര്‍ഷകരെ കയ്യേറ്റക്കാരായല്ല, കുടിയേറ്റക്കാരായാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍ വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനു വേണ്ടിയാണ് ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. ഈ നയം പ്രാവർത്തികമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്തം.

1960 ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ പതിച്ചു നൽകിയ ഭൂമി പതിച്ച് കൊടുത്ത ആവശ്യങ്ങൾക്കല്ലാതെ വിനിയോഗിച്ചത് മൂലം പതിവ് റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇത് ഒഴിവാക്കുന്നതിനാവശ്യമായ നിയമ ചട്ട ഭേദഗതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്തിട്ടുള്ള വൻകിട തോട്ടമുടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.

അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങൾക്കും ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും. സമയബന്ധിതമായി ഇത് പൂർത്തീകരിക്കുകയും ഉപാധിരഹിതമായ പട്ടയം ഒരുലക്ഷത്തോളം കുടുംബങ്ങൾക്ക് നൽകാനുള്ള ഉത്തരവാദിത്വവും സർക്കാരിനുണ്ട്. ജനങ്ങൾക്ക് നൽകിയ ഈ ഉറപ്പ് നടപ്പിലാക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്. മലയോര മേഖലയിലെ ചെരിഞ്ഞ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ചട്ടം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

നവകേരളത്തിനായുള്ള വികസന പ്രവര്‍ത്തനങ്ങളുമായി നാട് മുന്നോട്ട് കുതിക്കുകയാണ്. ഈ വികസനത്തിന് തടസ്സമായി വരുന്ന ഒന്നും അംഗീകരിക്കാനാവില്ല. നാടിനെ പിറകോട്ട് നയിക്കുന്ന ശക്തികള്‍ക്കെതിരെ കേരളീയര്‍ ഒറ്റക്കെട്ടാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്നതിനായാണ് നവകേരള സദസ്സുകള്‍ തുടങ്ങിയത്. കേരളത്തെ അവഗണിക്കുന്നില്ല എന്ന് പറയാനാണെങ്കിലും കേന്ദ്ര ധനകാര്യമന്ത്രി തന്നെ എത്തിയത് നവകേരള സദസ്സിന്റെ വിജയമാണ് കാണിക്കുന്നത്.

സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാരില്‍ 18 പേര്‍ പ്രതിപക്ഷത്തു നിന്നാണ്. ഇവരിലാരും ഇതുവരെ കേരളത്തിനെതിരായ കേന്ദ്രസമീപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല. എല്ലാ പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോഴും സംസ്ഥാനം എംപിമാരുടെ യോഗം വിളിക്കാറുണ്ട്. ഒരുവേള എംപിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു.

നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ ആദ്യം അംഗീകരിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് നല്‍കാനുള്ള നിവേദനം തയ്യാറാക്കി നല്‍കിയപ്പോള്‍ ഒപ്പിടാന്‍ പോലും തയ്യാറാകാതെ പിന്മാറുകയായിരുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായി വല്ലതും നടത്തുകയാണെങ്കില്‍ അത് ആര്‍ക്കും വിമര്‍ശിക്കാം. എന്നാല്‍ ജനങ്ങളുടെ ക്ഷേമത്തിനായി നവകേരള സദസ്സ് പോലുള്ളവ സംഘടിപ്പിക്കുമ്പോള്‍ അതിനെ ബഹിഷ്കരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാജന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മന്ത്രി സഭാംഗങ്ങൾ, എം എം മണി എം.എൽ.എ, ജില്ലാ കളക്ടർ ഷീബ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. നവകേരള സദസ്സ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷൈജു പി ജേക്കബ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മുഹമ്മദ് സബീര്‍ നന്ദിയും പറഞ്ഞു.
ഉജ്വല ബാല്യ പുരസ്കാരം നേടിയ ദേവനന്ദയെയും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിനര്‍ഹനായ ഒന്നര വയസ്സുകാരന്‍ അഥര്‍വ്വ സജിത്തിനെയും ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു.