ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ വേദിയിൽ നടന്ന ദേവികുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങൾ രൂപീകരിക്കേ ണ്ടതുണ്ട്. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ, പൊതു ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും. ടൂറിസം മേഖലകളെയും പ്രത്യേക പ്രാധാന്യത്തോടെ കാണാൻ സർക്കാർ തയ്യാറാണ്. സമതലത്തിൽ നിന്ന് വിഭിന്നമായി ചരിഞ്ഞ മേഖലയിലെ നിർമ്മാണങ്ങൾക്കായി പ്രത്യേക ചട്ടം കൊണ്ടുവരണമെന്ന് സംബന്ധിച്ച് ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു.

കൃഷിക്കായി പതിച്ചു നൽകിയ ഭൂമി പരിവർത്തനപ്പെടുത്തി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചട്ടങ്ങളും നിർദ്ദേശങ്ങളും നിലവിലുണ്ട്. അവയെല്ലാം പരിശോധിച്ചു കാലാനുസൃതമായ രീതിയിലാകും കേരളത്തിൽ ചട്ടങ്ങൾക്ക് രൂപം നൽകുക. സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ബാധ്യതയും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ചട്ടത്തിന്റെ ഭാഗമായി ഉണ്ടാവുക. അത്തരത്തിൽ ലളിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും പുതിയ ചട്ടം.

ഈ നിയമം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഗവർണർ ഒപ്പിട്ട ശേഷമേ നിയമത്തിന് പ്രാബല്യം ലഭിക്കുകയുള്ളൂ. ഗവർണറുടെ അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ ഇത് ഗവർണർ കണ്ട ഭാവം നടിച്ചിട്ടില്ല. എന്നാൽ ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ല. ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ചട്ട രൂപീകരണത്തിലേക്ക് കടക്കും.

ചട്ട രൂപീകരണം ഏകപക്ഷീയമായിരിക്കില്ല. നാട്ടിലെ വിവിധ സംഘടനകൾ, രാഷ്ടീയ പ്രസ്ഥാനങ്ങൾ തുടങ്ങി ബന്ധപ്പെട്ടവരോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ ഭേദഗതിയാണ് കഴിഞ്ഞ സെപ്തംബറിൽ നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമം. 2021 തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. മലയോര ജനതയ്ക്ക് ആശ്വാസം നൽകുമെന്ന പ്രഖ്യാപനമാണ്
നിയമഭേദഗതിയിലൂടെ സർക്കാർ നിറവേറ്റുന്നത്.

കൃഷിക്കായി നൽകുന്ന ഭൂമിയിൽ താമസത്തിനായി ഒരു വീട് കൂടി നിർമ്മിക്കാം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതിനുവേണ്ടിയാണ് ഭൂമി പതിച്ചു നൽകിയിരുന്നത്. എന്നാൽ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളിൽ ചില മാറ്റങ്ങൾ വന്നു. ഇത്തരം ഭൂമികളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഉയർന്നുവരുന്ന സ്ഥിതിയുണ്ടായി. പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾക്ക് നേരിടേണ്ടിവന്നത്. ഇതേ തുടർന്നാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിച്ചു കൊടുക്കുന്നതിന് നേരത്തേയുള്ള നിയമത്തിൽ സർക്കാരിന് അധികാരമുണ്ടായിരുന്നില്ല. വിഷയത്തിൽ ഇടപെടാനും സർക്കാരിന് അധികാരം ഉണ്ടായിരുന്നില്ല. ഭൂമി പതിച്ചു നൽകിയത് എന്തിനാണ് അതിനു മാത്രമേ ഭൂമി വിനിയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാൻ കൈവശക്കാരന് അധികാരം നൽകുന്നതിന് സർക്കാരിന് കഴിയുമായിരുന്നില്ല. നിയമ ഭേദഗതിയിലൂടെ ഈ അധികാരമാണ് സർക്കാരിന് കൈവന്നിരിക്കുന്നത്. ഇതോടെ ഭൂമിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പുരോഗതിയെ തടയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയാണ്. ഇതിനെതിരെ ശബ്ദം ഉയർത്താൻ പ്രതിപക്ഷ കക്ഷികളും തയ്യാറാകുന്നില്ല. രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ട നിരവധി ഘട്ടങ്ങളിൽ പോലും പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ ഉയർത്താൻ പ്രതിപക്ഷകക്ഷികൾക്ക് കഴിഞ്ഞില്ല. നവ കേരള സദസ്സിനെയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷകക്ഷികൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തനത് വരുമാനത്തിലും ആഭ്യന്തര വരുമാനത്തിലും പ്രതിശീർഷ വരുമാനത്തിലും വലിയ അഭിവൃദ്ധി നേടാൻ കേരളത്തിന് കഴിഞ്ഞു. നിരവധി പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാനും നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്തല്ലൂരിലെ കുങ്കുമപ്പൂവ് കർഷകൻ രാമമൂർത്തിയെ മുഖ്യമന്ത്രി വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

മറയൂർ ശർക്കരയും തേയിലയുമടങ്ങിയ സമ്മാനപ്പൊതി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകി.

21 രാജ്യങ്ങളുടെ പതാക 6 മിനിറ്റുകൊണ്ട് റുബിക്‌സ്‌ക്യൂബിൽ ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയ സിദ്ധാർഥ് സിജു മുഖ്യമന്ത്രിക്ക് പതാക കൈമാറി.
2022ലെ ഉജ്വലബാല്യം പുരസ്‌കാരം ജേതാവു അഭിനേതാവും പത്താം ക്ലാസ് വിദ്യാർഥിയുമായ മാധവ്കൃഷ്ണ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.

സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ചികിത്സ ലഭ്യമായ കേൾവി പരിമിതയായ ഇടമലക്കുടിയിലെ അഭിരാമി മുഖ്യമന്ത്രിക്ക് പൂക്കൾ നൽകി സ്വീകരിച്ചു.

മന്ത്രിമാരായ എം.ബി. രാജേഷ്, അഹമ്മദ് ദേവർ കോവിൽ, പി. പ്രസാദ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ വീണാ ജോർജ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, കെ.രാധാകൃഷ്ണൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, വി.അബ്ദുറഹിമാൻ, ജി.ആർ. അനിൽ, ആന്റണി രാജു, എ.കെ. ശശീന്ദ്രൻ, പി.രാജീവ് ജില്ലാ കളക്ടർ ഷീബ ജോർജ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ എ.രാജ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി നോഡൽ ഓഫീസർ ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ്
നന്ദിയും പറഞ്ഞു.