ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുങ്കണ്ടം സെന്റ് സെബാന്‍സ്റ്റ്യന്‍ സ്കൂള്‍ മൈതാനിയില്‍ നടന്ന ഉടുമ്പന്‍ചോല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രത്തിൽ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ ഭേദഗതിയാണ് കഴിഞ്ഞ സെപ്തംബറിൽ നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമം. 2021 തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. മലയോര ജനതയ്ക്ക് ആശ്വാസം നൽകുമെന്ന പ്രഖ്യാപനമാണ് നിയമഭേദഗതിയിലൂടെ സർക്കാർ നിറവേറ്റുന്നത്.

ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോൾ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. സാധാരണ ജനങ്ങൾക്ക് യാതൊരുവിധ ഭാരവും ബാധ്യതയും ഉണ്ടാകാത്ത വിധമാകും ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ചട്ടത്തില്‍ ഉള്‍പ്പെടുത്തും. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ വാണിജ്യ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ, പൊതു ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേക നിലപാട് സ്വീകരിക്കും.

ടൂറിസം മേഖലകളെയും പ്രത്യേക പ്രാധാന്യത്തോടെ കാണാൻ സർക്കാർ തയ്യാറാണ്. മലയോര മേഖയില്‍ സമതലത്തിൽ നിന്ന് വിഭിന്നമായി ചെരിഞ്ഞ മേഖലയിലെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ചട്ടം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. നിയസഭ പാസ്സാക്കിയ ഈ നിയമം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഗവർണര്‍ ബില്ലില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ കാർഷിക മേഖലയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് ഗവർണർ കണ്ട ഭാവം നടിച്ചിട്ടില്ല.

ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാൻ ഗവര്‍ണര്‍ക്ക് കഴിയില്ല. ഗവർണർ ഒപ്പിട്ട ശേഷം സർക്കാർ ചട്ട രൂപീകരണത്തിലേക്ക് കടക്കും. ചട്ട രൂപീകരണം ഏകപക്ഷീയമായിരിക്കില്ല. നാട്ടിലെ വിവിധ സംഘടനകൾ, രാഷ്ടീയ പ്രസ്ഥാനങ്ങൾ തുടങ്ങി ബന്ധപ്പെട്ടവരോട് ചർച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സർക്കാർ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിക്കായി നൽകുന്ന ഭൂമിയിൽ താമസത്തിനായി ഒരു വീട് കൂടി നിർമ്മിക്കാം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതിനുവേണ്ടിയാണ് ഭൂമി പതിച്ചു നൽകിയിരുന്നത്. എന്നാൽ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളിൽ ചില മാറ്റങ്ങൾ വന്നു. പട്ടയ ഭൂമിയിലെ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾക്ക് നേരിടേണ്ടിവന്നത്. ഇതേ തുടർന്നാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിച്ചു കൊടുക്കുന്നതിന് നേരത്തേയുള്ള നിയമത്തിൽ സർക്കാരിന് അധികാരമുണ്ടായിരുന്നില്ല. വിഷയത്തിൽ ഇടപെടാനും സർക്കാരിന് അധികാരം ഉണ്ടായിരുന്നില്ല. ഭൂമി പതിച്ചു നൽകിയത് എന്തിനാണ് അതിനു മാത്രമേ ഭൂമി വിനിയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാൻ കൈവശക്കാരന് അധികാരം നൽകുന്നതിന് സർക്കാരിന് കഴിയുമായിരുന്നില്ല. നിയമ ഭേദഗതിയിലൂടെ ഈ അധികാരമാണ് സർക്കാരിന് കൈവന്നിരിക്കുന്നത്. ഇതോടെ ഭൂമിയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പുരോഗതിയെ തടയുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയാണ്. ഇതിനെതിരെ ശബ്ദം ഉയർത്താൻ പ്രതിപക്ഷ കക്ഷികളും തയ്യാറാകുന്നില്ല. രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ട നിരവധി ഘട്ടങ്ങളിൽ പോലും പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ ഉയർത്താൻ പ്രതിപക്ഷകക്ഷികൾക്ക് കഴിഞ്ഞില്ല. നവ കേരള സദസ്സിനെയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷകക്ഷികൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ജി.ആര്‍ അനില്‍, പി. രാജീവ്, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.എം മണി എംഎല്‍.എ. അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസർ കെ. മനോജ് സ്വാഗതം പറഞ്ഞു. 20 ഇനം സുഗന്ധദ്രവ്യങ്ങളും കാര്‍ഷിക ഉല്‍പന്നങ്ങളും ഉപയോഗിച്ച് പ്രിന്‍സ് ഭുവനചന്ദ്രന്‍ തയ്യാറാക്കിയ രേഖാചിത്രവും ഗോപികാ ദിനേശ് പെന്‍സില്‍ ഉപയോഗിച്ച് വരച്ച രേഖാ ചിത്രവും ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി.