45 രാജ്യങ്ങളിൽ നിന്ന് 1600 കുട്ടികൾ ബിരുദാനന്തര ബിരുദത്തിനു ഗവേഷണത്തിനും കേരള യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു എന്നുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തിയ കുതിച്ചു ചാട്ടത്തിന്റെ തെളിവാണ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. സെന്റ് സെബാസ്ററ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ ഉടുമ്പൻചോല മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ നവകേരള സദസ്സിലും എത്തുന്ന ആളുകളുടെ എണ്ണം കേരളത്തിൽ ഒരിടത്തും ഈ സദസ്സിനെ ഉൾകൊള്ളാൻ കഴിയുന്ന ഒരു മൈതാനവും ഇല്ല എന്ന് തെളിയിക്കുകയാണ്. ഇത് ജനങ്ങൾ ഈ സദസ്സിനെ ഹൃദയത്തോട് ചേർത്തു എന്നതാണു കാണിക്കുന്നത് .ഇത് കക്ഷി മത രാഷ്ട്രീയങ്ങൾക്ക് അതീതമായി ജനപക്ഷ മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്ന സദസ്സാണ്.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഒന്നാം നമ്പർ കാറിൽ വന്നിറങ്ങി സത്യപ്രതിജ്ഞ ചെയ്തു അതെ ഒന്നാം നമ്പർ കാറിൽ മടങ്ങിയത്.അത് പറഞ്ഞ വാഗ്ദാനങ്ങൾ അതേപടി പാലിച്ചതിനു ജനങ്ങൾ നൽകിയ മാർക്കാണ്. ഓരോ വർഷവും പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്ന പ്രോഗ്രസ്സ് കാർഡ് ജനസമക്ഷം കാണിക്കുന്ന ഏക സർക്കാർ ഈ സർക്കാരാണ്. അതിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ, ഇനി വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവ അടങ്ങുന്നതാണ്. 7 വർഷം കൊണ്ട് പറഞ്ഞകാര്യങ്ങളിൽ പലതിലും അധികം മുന്നോട്ട് പോയി വാഗ്ദാനങ്ങളിൽ പുരോഗതി ഉണ്ടായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനമാണ് കേരളം
ഇടുക്കിയുടെ ജനജീവിതത്തെ ഏറ്റവും കൂടുതൽ ബാധിച്ച ഒന്നാണ് കേരള ഭൂപതിവ് നിയമം. പ്രകടന പത്രികയുടെ 380 ആം ഇനം ഇത് തന്നെ ആയിരുന്നു. ഇന്ന് ആ പ്രശ്നത്തിന് പരിഹാരമായി ഭൂവിനിയോഗ നിയമത്തിനു കരട് ബിൽ അവതരിപ്പിച്ച് നിയമം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ആ നിയമത്തിനു അനുമതി നൽകാതെ ഇരിക്കുന്ന ചിലരുടെ പ്രവർത്തനങ്ങൾ നിയമ നിർമാണ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്.നിലവിലെ നിയമത്തിൽ രണ്ടു പ്രധാന മാറ്റങ്ങളാണ് ഉള്ളത്. എന്തിനാണോ ഭൂമി നൽകിയത് അതിൽ നിന്ന് വ്യത്യസ്‍ത ഉപയോഗങ്ങൾക്ക് ഭൂമി ഉപയോഗിച്ചിട്ടുണ്ട് എങ്കിൽഅത് സാധൂകരിക്കാൻ സർക്കാരിന് അനുമതി നൽകുന്നു. അനുശാസിക്കുന്ന രീതിയിൽ അപേക്ഷ നൽകിയാൽ ചട്ട പ്രകാരം മറ്റ് ആവശ്യങ്ങൾക്കുള്ള അനുമതി സർക്കാർ നൽകും.
ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തരമാക്കുക എന്നതാണ് സർക്കാരിന് യുവ തലമുറയോട് ഉള്ള പ്രതിജ്ഞാബദ്ധത. ഇതിനു മുന്നോടിയായി എല്ലാ ആധുനിക കോഴ്‌സുകളും പഠിപ്പിക്കുന്ന ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഈ സർക്കാർ സ്ഥാപിച്ചു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ എന്ന ലക്ഷ്യത്തിൽ ‘ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ‘ സ്ഥാപിക്കുന്നത് സർക്കാരിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതാണ്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം ഉള്ളത് കേരളത്തിലാണ്. പ്രഭാത സദസ്സുകളിൽ കോടികൾ മൂല്യമുള്ള കമ്പനികളുടെ ഉടമസ്ഥരായ യുവ സംരംഭകരെ കാണുന്നത് ഇതിന്റെ തെളിവാണ്. പുതിയ സാമൂഹ്യ അന്തരീക്ഷത്തിനു അനുസൃതമായ സംരംഭക പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്.
തൊടുപുഴയിൽ ആരംഭിച്ച സ്‌പൈസസ് പാർക്ക് ഉൾപ്പടെയുള്ള പദ്ദതികൾ വഴി കേരളം ലോകത്തിന്റെ സ്‌പൈസ് ഹബ് ആയി മാറി ഇന്ന്. സ്‌പൈസസ് പ്രോസസ്സിങ്ങിൽ ലോകത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള കമ്പനികൾ കേരളത്തിൽ നിന്ന് ഉള്ളവയാണ് എന്നത് അഭിമാനകരമായ നേട്ടമാണ്. ഇടുക്കിയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുന്ന പദ്ദതികൾ ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷ സർക്കാരിന്റെ പ്രവർത്തങ്ങൾക്ക് ജനങ്ങൾ നൽകുന്ന വലിയ ജനാവലിയുടെ പിന്തുണ കൂടുതൽ ഉത്തരവാദിത്വബോധം സർക്കാരിന് മേൽ ഏല്പിക്കുന്നു. അത് നിറവേറ്റുക തന്നെ സർക്കാർ ചെയ്യുമെന്നും വ്യവസായ മന്ത്രി ഉറപ്പ് നൽകി.