നവകേരള സദസുമായി ജില്ലയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വ്യത്യസ്ത രീതിയിൽ ആദരം ഒരുക്കി നെടുംങ്കണ്ടം രാമക്കൽമേട് സ്വദേശി പ്രിൻസ് ഭൂവനചന്ദ്രൻ.
ജില്ലയിലെ നവകേരളസദസിന്റെ രണ്ടാം ദിവസത്തെ അവസാന വേദിയായ നെടുങ്കണ്ടത്ത് വച്ചാണ് ഇടുക്കിയിലെ നാണ്യവിളകൾക്കൊണ്ട് നിർമ്മിച്ച മുഖ്യമന്ത്രിയുടെ ചിത്രം പ്രിൻസ് നൽകിയത് .
ഇടുക്കിയിലെ 20 നാണ്യവിളകൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കാർഷിക വിളകൾ, പച്ചക്കറികൾ എന്നിവ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ, അടയ്ക്ക,ഗ്രാമ്പു, ജാതി, തച്ചോലം, പട്ട, മഞ്ഞൾ, ഇഞ്ചി, കപ്പ, ചേന, ചേമ്പ്,പയർ, കാരറ്റ്, പാവൽ, വെണ്ട, വെളുത്തുള്ളി എന്നീ പ്രധാന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി രണ്ടര അടി വലുപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മുഖം കുരുമുളക് കൊണ്ടും വസ്ത്രം വാട്ടു കപ്പ കൊണ്ടുമാണ് ഒരുക്കിയത്.
ഗോപിക ദിനേശ് വരച്ച പെൻസിൽ ചിത്രവും മുഖ്യമന്ത്രിക്ക് സദസിൽ നൽകി.