വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ഇലവീഴാപൂഞ്ചിറ – മേലുകാവ് റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ സന്തോഷം ചിത്രത്തിലൂടെ പങ്കുവെച്ച് ഇലവീഴാപൂഞ്ചിറ കുമ്പളോലിയ്ക്കല്‍ വീട്ടില്‍ ജെസ്സി സാം. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പാലാ നിയോജക മണ്ഡലം നവകേരള സദസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചിത്രം കൈമാറിയത്. മുഖ്യമന്ത്രിയുടെ മുഖം ആക്രോലൈറ്റ് പെയിന്റിംഗില്‍ തീര്‍ത്ത ചിത്രമാണ് കൈമാറിയത്. മേലുകാവ് ഗ്രാമപഞ്ചായത്തംഗം ഷീബാ മോള്‍ ജോസഫും കൂടെയുണ്ടായിരുന്നു.

മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ – മേലുകാവ് റോഡിന്റെ നിര്‍മാണം രാജ്യാന്തര ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയത്. 11.19 കോടി രൂപ ചിലവിലാണ് ഇലവീഴാപൂഞ്ചിറ മുതല്‍ മേലുകാവ് വരെയുള്ള 5.5 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിച്ചത്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുകയായിരുന്നു. പ്രദേശവാസികള്‍ യാത്രയ്ക്കായി ആശ്രയിച്ചിരുന്ന ജീപ്പുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധം റോഡ് തകര്‍ന്നിരുന്നു. 2021 സെപ്റ്റംബറിലാണ് ആണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ
വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. ഇതോടെ ഇല്ലിക്കല്‍ക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു ഉണര്‍വ്വേകും.