കേരളത്തിലുടനീളം ഉണ്ടായ സമഗ്ര വികസനത്തിൻ്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു ജില്ലയിൽ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കം-തവണക്കടവ് ഫെറിയിലൂടെ ജങ്കാറിലാണ് ജില്ലയിലേക്ക് പ്രവേശിച്ചത്. വൈകുന്നേരം അഞ്ചരയോടെ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസ് സജി ചെറിയാൻ തുടങ്ങിയ 12 മന്ത്രിമാരും ബോട്ടിൽ തവണക്കടവ് ജെട്ടിയിൽ എത്തി. മന്ത്രി പി.പ്രസാദ് മന്ത്രിമാരെ സ്വീകരിക്കുന്നതിന് നേതൃത്വം നൽകി.
സ്വാഗതം ആശംസിച്ച് അലങ്കരിച്ച ചുണ്ടൻവള്ളം
മന്ത്രിമാർക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് അലങ്കരിച്ച ചുണ്ടൻ വള്ളത്തിൻ്റെ മാതൃകയും തവണക്കടവിൽ ഒരുക്കിയിരുന്നു.
നിരവധി പ്രദേശവാസികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കുട്ടികളും മന്ത്രിമാരെ നേരിൽ കാണാൻ എത്തി. വെടിക്കെട്ടും അലങ്കരിച്ച ചെറു വള്ളങ്ങളും മന്ത്രിസഭയെ സ്വീകരിക്കാൻ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒരുക്കി. പഞ്ചാരി അഞ്ചാം കാലം കൊട്ടി മേളക്കാരും തകർത്തപ്പോൾ തവണക്കടവ് ജെട്ടി ഉത്സവ അന്തരീക്ഷത്തിലായി. ചുവന്ന ബലൂണുകളും പറത്തി.