വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന വൈക്കം നിയോജക മണ്ഡലത്തിന്റെ നവകേരള സദസിന്റെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട് സ്ഥാപിച്ചു. എരുമേലിയിൽ 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിച്ചു. കുറവിലങ്ങാട്, കൂത്താട്ടുകുളം സബ്സ്റ്റേഷനുകൾ 66 കെ.വിയിൽ നിന്നും 110 കെ.വി യിലേക്ക് ഉയർത്തി. കോട്ടയം ജില്ലയിലെ മലയോരപ്രദേശത്തും ഉൾപ്രദേശങ്ങളിലും നല്ല വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും കൂടുതൽ കണക്ഷനുകൾ നൽകാനും സാധിച്ചു.

ദീർഘകാലമായി മുടങ്ങിക്കിടന്ന ഇടമൺ കൊച്ചി 400 കെ.വി. പവർ ഹൈവേ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് പ്രാവർത്തികമായി. അതോടെ പവർകട്ട് കുറയ്ക്കാനും കൂടുതൽ വോൾട്ടേജ് നൽകാനും സാധിച്ചു. സംസ്ഥാനത്തെ വൈദ്യുതിയുടെ 33 ശതമാനം മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. 2340 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിലുള്ള ജലാശയങ്ങളെ ഉപയോഗിച്ച് കൊണ്ട് അധിക വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്ന 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ രണ്ടാം ഘട്ടം, 700 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ പമ്പ് സ്റ്റോറേജ് പദ്ധതി, 600 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ പമ്പ് സ്റ്റോറേജ് പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി പദ്ധതി എന്നിവയാണവ. പള്ളിവാസൽ വിപുലീകരണ പദ്ധതി മേയ് 21 നുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.