നീതി ആയോഗിന്റെ കണക്ക് പ്രകാരം കേരളത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്നവർ 0.71 ശതമാനം ആണ്.2025 ആകുമ്പോൾ ഇവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചു ദാരിദ്ര്യ രഹിത സംസ്ഥാനം എന്ന പ്രഖ്യാപനം ആണ് സർക്കാരിന്റെ സ്വപ്നം എന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആര്യയങ്കാവ് ക്ഷേത്ര മൈതാനത്ത് അരൂർ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അഴിമതി രഹിത മതനിരപേക്ഷിത കേരളം കെട്ടി പടുത്തുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. പ്രകടന പത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പിലാക്കിയ സർക്കാരായിരുന്നു ഒന്നാം പിണറായി സർക്കാർ. അതിന്റെ തുടർച്ചയായി വന്ന രണ്ടാം പിണറായി സർക്കാരും വാഗ്ദാനങ്ങൾ എല്ലാം തന്നെ പാലിച്ചു മുന്നേറുകയാണ്. കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു കേരളീയം. 25 ഓളം സെമിനാറുകൾ നടത്തി അവയിൽ നിന്ന് ഉയർന്നു വന്ന നിർദേശങ്ങൾ നവകേരള നിർമ്മിതിയുടെ ശിലാഫലകങ്ങളായി.
വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മന്ത്രി സഭ ഒന്നാകെ 140 നിയമ സഭ മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സിനെ ഓരോ വേദിയിലും വരവേൽക്കുന്നത് ആയിരങ്ങൾ ആണ്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ലഭിക്കുന്ന ഈ ജനനിബിഡമായ സ്വീകരണം ഈ ഭരണം എത്രത്തോളം ജനമനസുകളിൽ അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്.എല്ലാവർക്കും വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കാണ് സർക്കാർ യാത്ര ചെയ്യുന്നത്. രണ്ടുലക്ഷത്തിൽ അധികം പട്ടയങ്ങൾ വിതരണം ചെയ്തു റെക്കോർഡ് ഇടുന്ന റവന്യു വകുപ്പ് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വയ്ക്കുന്നു.
പാലിൽ സ്വയം പര്യപ്തത കൈ വരിക്കുന്നതിൽ 90 ശതമാനം വിജയം സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ അത് സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കും. പശുവിനെ വാങ്ങാൻ എടുക്കുന്ന ലോൺ പലിശരഹിതമാക്കുവാനുള്ള നടപടികൾ, മലപ്പുറത്ത് നൂറു കോടി ചിലവിൽ പാൽപൊടി നിർമ്മാണ ഫാക്ടറി പ്രവർത്തിച്ചു തുടങ്ങി. വെള്ളപൊക്കത്തിന്റെ സാഹചര്യത്തിൽ ഇന്ന് ദിവസേന ചെന്നൈയിലേക്ക് അമ്പതിനായിരം ലക്ഷം ലിറ്റർ പാൽ കയറ്റി അയക്കുവാൻ ഉള്ള ശേഷി ക്ഷീര മേഖല വികസിച്ചു.
സ്ത്രീശാക്തീകരണത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ട് വന്ന ‘കുടുംബശ്രീ’ പദ്ധതി എല്ലാ മേഖലകളിലും ഒഴിച്ചുകൂടാനാകാത്ത പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. ഒരുലക്ഷം അയൽക്കൂട്ടങ്ങൾ, അമ്പതിനായിരം സി ഡി എസ്സുകൾ, മൂവായിരം എ ഡി എസ്സുകൾ, പത്തൊമ്പതിനായിരം പേർ അടങ്ങുന്ന ഓക്സിലറി ഗ്രൂപ്പുകൾ എന്ന നിലയിലേക്ക് ഇന്ന് കുടുംബശ്രീ വളർന്നു. റേഷനിങ് സംവിധാനം ആധുനികവത്കരിക്കുകയും,റേഷൻകാർഡിൽ കുടുംബ നാഥയ്ക്ക് പ്രാതിനിധ്യം കൊടുക്കുന്നതിലൂടെ സ്ത്രീശാക്തീകരണം ഉറപ്പാക്കുകയും ചെയ്യുന്നു .
കോവിഡ് കാലത്തു കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കാതെ ഇരിക്കുവാൻ രാജ്യത്ത് ആദ്യമായി ഓൺലൈൻ ക്ലാസ് സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. കോടികളുടെ ചിലവിൽ നവീകരിച്ച സർക്കാർ സ്‌കൂളുകൾ ഇന്ന് രാജ്യാന്തര നിലവാരം പുലർത്തുന്നവയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രിഡിറ്റേഷൻ കൗൺസിൽ (NAAC )കേരള യൂണിവേഴ്സിറ്റിക്ക് A++ റാങ്ക് നൽകി, A + റാങ്കോടെ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും ഒപ്പമുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം എത്ര കണ്ടു മുന്നിൽ ആയി എന്ന് തെളിയിക്കുന്നു.