പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ സ്‌കൂളുകള്‍ നടപ്പിലാക്കിയ ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ ലഭ്യമാക്കിയ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം പരിശോധിക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പ്രത്യേക ഓഡിറ്റ് നടത്തുന്നു.
  ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം, ക്ലാസ്‌റൂം വിനിമയത്തിനായി തയാറാക്കിയ സമഗ്ര പോര്‍ട്ടലിന്റെ ഉപയോഗവും പ്രയോഗവും, സ്‌കൂളുകളിലെ ബ്രോഡ്ബാന്റ്ഉപകരണങ്ങളുടെ ഇന്‍സ്റ്റലേഷന്‍-പ്രവര്‍ത്തനം-പരാതിപരിഹാരസംവിധാനം, സമ്പൂര്‍ണ-സ്പാര്‍ക്ക് അപ്‌ഡേഷന് തുടങ്ങിയ വിശദാംശങ്ങളാണ് സ്‌കൂള്‍തല ഓഡിറ്റിന്റെ ഭാഗമായി കൈറ്റ് ശേഖരിക്കുന്നതെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍സാദത്ത് അറിയിച്ചു. പദ്ധതി  നടപ്പിലാക്കുന്ന 4752 സ്‌കൂളുകളിലെയും സ്ഥാപന മേധാവി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് പ്രത്യേക ചോദ്യാവലി ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ഓഡിറ്റ് നടത്തുന്നത്. പൊതുവിവരശേഖരണത്തിനായുള്ള ഒന്നാം ഘട്ടം ഒക്‌ടോബര്‍ 22 മുതല്‍ 30 വരെയും ഗുണപരമായ പരിശോധനയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള രണ്ടാംഘട്ടം 2019 ജനുവരിയിലുമായി പൂര്‍ത്തിയാക്കും. ഇതിനായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളും സന്ദര്‍ശിക്കും.
പദ്ധതി നടപ്പിലാക്കിയ സെക്കന്ററി, ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ എല്ലാ അധ്യാപകരില്‍ നിന്നും, ഓരോ ഡിവിഷനില്‍നിന്നും തിരങ്ങെടുത്ത 5 കുട്ടികളില്‍നിന്നുമാണ് ഹൈടെക് ഉപയോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ എണ്‍പതിനായിരം  അധ്യാപകരില്‍ നിന്നും 40083 ക്ലാസുകളിലെ രണ്ടുലക്ഷത്തിലധികം കുട്ടികളില്‍ നിന്നുമാണ് പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം കൈറ്റ് നേരിട്ട് ശേഖരിക്കുന്നത്.