തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 22  അടയ്ക്കും
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നടയില്‍ അയ്യപ്പദര്‍ശനപുണ്യം തേടി ആയിരങ്ങള്‍ എത്തി.  അയ്യപ്പസന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി.  ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ ഭക്തജന തിരക്കായിരുന്നു. ശനിയാഴ്ച ഇടിയോടു കൂടിയ ശക്തമായ മഴ പെയ്തുവെങ്കിലും അതൊന്നും  വകവയ്ക്കാതെ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തി അനുഗ്രഹം നേടി മടങ്ങി. ദീപാരാധനയും പടിപൂജയും കണ്ടു തൊഴാനും ശരണ മന്ത്രങ്ങളുമായി അയ്യപ്പഭക്തരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്ത മേല്‍ശാന്തിമാര്‍ ശബരിമല അയ്യപ്പസന്നിധിയിലും  മാളികപ്പുറത്തും ദര്‍ശനം നടത്തി. ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം എന്‍.നാരായണന്‍ നമ്പൂതിരിയും ഒരുമിച്ചാണ് മല ചവിട്ടി സന്നിധാനത്ത് എത്തിയത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീകോവില്‍ നട ഒക്ടോബര്‍ 22 അടയ്ക്കും. പതിവ് പൂജകള്‍ക്കും നെയ്യഭിഷേകത്തിനും പുറമെ സഹസ്രകലശാഭിഷേകവും നടക്കും. തുലാമാസ പൂജകള്‍ക്കായി ഒക്ടോബര്‍ 17 ന് വൈകുന്നേരമാണ് ക്ഷേത്രനട തുറന്നത്. 18ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നു.