ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള എന്റെ മണിമലയാര്‍ പദ്ധതിയുടെ ഭാഗമായ  ജനകീയ കൂട്ടായ്മ കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിന് പുഴ പഠന യാത്ര നടത്തി. തിരുവല്ല നഗരസഭ പ്രദേശത്തെ കറ്റോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. തലപ്പാല, കല്ലുമൂല ഭാഗങ്ങളിലും ഒഴുക്ക് തടസപ്പെട്ട കൊച്ചുതോടിന്റെ സ്ഥിതി നേരിട്ടു കണ്ട്  കുന്തറക്കടവില്‍ യാത്ര സമാപിച്ചു. ഓരോ യാത്രയ്ക്കും തുടര്‍ച്ചയായി കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കുന്ന രീതിയാണ് നദീ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ മുഖ്യ ആകര്‍ഷണം. പുഴയിലൂടെ പുഞ്ചയിലേക്ക് എന്ന ആശയമാണ് പത്തനംതിട്ടയില്‍ നടത്തുന്ന നദീ പുനരുജ്ജീവന പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. നാലു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നാലായിരത്തോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നീര്‍ത്തടങ്ങള്‍ വീണ്ടെടുത്താണ് എന്റെ മണിമലയാര്‍ നദീ സംരക്ഷണം പ്രാവര്‍ത്തികമാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ കോട്ടയം ജില്ലയിലെ ചിറ്റാര്‍ പുഴയിലും, പിന്നീട് മണിമലയിലെ പള്ളിപ്പടി തോട്ടിലും നടത്തിയ പഠന യാത്രയാണ് കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിനായി ഇന്നലെ സംഘടിപ്പിച്ചത്.
തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി  ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഡോ:എന്‍.ജയരാജ് എംഎല്‍എ  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗവും കോ-ഓര്‍ഡിനേറ്ററുമായ എസ്.വി. സുബിന്‍ പദ്ധതി വിശദീകരിച്ചു. മണര്‍കാട് സെന്റ്.മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ: പുന്നന്‍ കുര്യന്‍ വെങ്കിടത്ത് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം കെ. ദിനേശ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജയശ്രീ മുരിക്കനാട്ട്, സണ്ണി മനക്കല്‍, കവിയൂര്‍ ഗ്രാമപഞ്ചായത്തംഗം ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, അഡ്വ: രഘുക്കുട്ടന്‍പിള്ള, രതീഷ് പാലിയില്‍, മധുസൂദനന്‍ പിള്ള മുരിക്കനാട്ട്, ലിറ്റിഏബ്രഹാം, വി.ഇ.വറുഗീസ്, രാജശേഖരന്‍പിള്ള എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി. കര്‍ഷകരും പ്രദേശവാസികളും പങ്കെടുത്ത യാത്ര കുന്തറക്കടവില്‍ സമാപിച്ചു. തുടര്‍ന്ന് അവലോകന യോഗം ചേര്‍ന്നു. തോടുകളുടെ ബണ്ട് മുറിഞ്ഞതും മരങ്ങള്‍ വീണ് കിടക്കുന്നതും ഓരോ പുഞ്ചയിലേക്കും വെള്ളം കയറ്റുന്നതിനുള്ള ഷട്ടര്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ അവതരിപ്പിച്ചു.
ഈ സീസണില്‍ തന്നെ നെല്‍ കൃഷി ആരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നാളെ(23) ഉച്ചകഴിഞ്ഞ് മൂന്നിന്് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകരും പങ്കെടുക്കുന്ന യോഗം കവിയൂര്‍ എടക്കാട് സ്‌കൂളില്‍ ചേരുന്നതിന് തീരുമാനിച്ചു. കിഴക്കന്‍മുത്തൂര്‍, കാക്ക തുരുത്ത്, കുന്തറ, വിഴല്‍, തലപ്പാല, കല്ലുമൂല ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആറു കി.മീ  ദൈര്‍ഘ്യമുള്ള  കൊച്ചുതോട് നവീകരണം അടിയന്തിരമായി ഏറ്റെടുക്കും. തിരുവല്ല – കവിയൂര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്നതും, മണിമലയാറിന്റെ പ്രധാന കൈവഴിയും, കറ്റോട് എത്തിച്ചേരുന്നതുമായ കവിയൂര്‍ വലിയ തോട്ടില്‍ നിന്ന് ആരംഭിക്കുന്ന കൊച്ചുതോടിന്റെ വീണ്ടെടുപ്പാണ് ഇന്നലെ നടത്തിയ പുഴ പഠന യാത്രയുടെ ലക്ഷ്യം.  തിരുവല്ല മുനിസിപ്പാലിറ്റിയില്‍ കൂടി മാത്രം കടന്നു പോകുന്ന തോട് വീണ്ടെടുത്താല്‍ കവിയൂര്‍ പുഞ്ചയുടെ പകുതി പാടശേഖരങ്ങളിലേക്കും വെള്ളമെത്തിക്കാം. കൂടാതെ മാലിന്യത്തെ അകറ്റാം. ഈ തോടാണ് പുഞ്ചയുടെ വിവിധ ദിക്കുകളിലേക്ക് പോകുന്നത്.
കാല്‍ നൂറ്റാണ്ടായി തരിശ് കിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ ആകെ 1400 ഏക്കര്‍ സ്ഥലമുണ്ട്. ഇതില്‍ കൃഷിക്ക് യോഗ്യമായി 1300 ഏക്കര്‍ സ്ഥലമുണ്ട്. കവിയൂര്‍ വലിയ തോടിനെ വീണ്ടെടുക്കാന്‍ ഒന്നിച്ചത് അഞ്ചു
തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ, കവിയൂര്‍, കുന്നന്താനം ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് വകയിരുത്തിയ 43.5 ലക്ഷം രൂപയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാവും. ഇതിനു പുറമേ തിരുവല്ല നഗരസഭ 10 ലക്ഷം രൂപ കുറ്റപ്പുഴ തോടിന്റെ വീണ്ടെടുപ്പിനായി  വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടന്‍ തുടങ്ങും.