അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ മണ്ഡല തല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വെച്ച ആദ്യ അജണ്ട ദരിദ്രരില്ലാത്ത കേരളം എന്നതായിരുന്നു. 2025 നവംബർ ഒന്നോടെ ഈ നേട്ടം കൈ വരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും ദരിദ്രർ കുറവുള്ള സംസ്ഥാനമാണ് കേരളം. 64,006 കുടുംബങ്ങളാണ് അതിദാരിദ്ര്യ പട്ടികയിലുള്ളത്. ജനതയുടെ ഇച്ഛയും മനസ്സും പ്രതിഫലിപ്പിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്. നവകേരളം കേവലം മുദ്രാവാക്യമല്ല. ദരിദ്രരില്ലാത്ത, ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത,വിദ്യാഭ്യാസവും, തൊഴിലും, എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും ചികിൽസയും വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സമാധാനത്തോടെ ജീവിക്കാനാവുന്ന മതനിരപേക്ഷ കേരളമാണിത്. മന്ത്രി പി.പ്രസാദ് പറഞ്ഞു.

അഞ്ച് വർഷം കൂടുമ്പോൾ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്ന സംവിധാനം എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം ജനാധിപത്യത്തിന് പുത്തൻ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരള സദസ്സ്. എന്നാൽ ഇത്തരമൊരു വിശാലമായ ചിന്തയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഉത്തരവാദിത്ത്വമുള്ള പ്രതിപക്ഷം ബഹിഷ്‌കരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ വേദിയിൽ ഉയർന്ന് പൊന്തുന്നത് കേരളം എന്ന വികാരമാണ്.

കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദം ഉയർത്തേണ്ടത് അനിവാര്യമാണ്. ഔദാര്യമല്ല മറിച്ച് നമ്മുടെ അവകാശമാണ് സംസ്ഥാനം കേന്ദ്രത്തോട് അവശ്യപ്പെടുന്നത്. പിരിക്കുന്ന നികുതിയുടെ നാലിലൊന്നു പോലും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനൾക്കായി നല്കാത്തത് ന്യായമല്ല. ജനതയോട് പറയാനുള്ളതും ജനതക്ക് പറയാനുള്ളതും കേട്ട് മുന്നോട്ട് പോകണം എന്ന തിരിച്ചറിവിൽ നിന്നാണ് നവകേരള സദസ്സ് എന്ന നവ്യമായ ആശയം രൂപപ്പെട്ടത്.