മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മണിക്കൂറുകൾ മുൻപുതന്നെ ഹരിപ്പാട് ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ മൈതാനത്തേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. വർണ്ണ ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വേദിയിലേക്ക്  വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിരേറ്റത്. മാറ്റുകൂട്ടാൻ പടക്കങ്ങളുമുണ്ടായിരുന്നു.
പുസ്തകങ്ങൾ നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽ സ്വീകരിച്ചത്. നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സദസ്സിനു ശേഷം പത്ത് വയസ്സുകാരൻ അഭിറാം വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി. നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി സർക്കാരിനൊപ്പം ഞങ്ങൾ ഉണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമായി ഹരിപ്പാട് മണ്ഡലത്തിലെ നവകേരള സദസ്സ്.