ഭക്ഷ്യ കമ്മീഷൻ അവലോകനയോഗം ചേർന്നു
ഒറ്റപ്പെട്ട ട്രൈബൽ കോളനികളിൽ റേഷൻ എത്തിക്കുമെന്നും പോഷകാഹാരം കുറവുമൂലം പ്രശ്നങ്ങൽ നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭക്ഷ്യകമ്മീഷൻ  അംഗം അഡ്വ: പി.വസന്തം  പറഞ്ഞു.
  മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഭക്ഷ്യകമ്മീഷൻ ജില്ലാതല  അവലോകന യോഗത്തിൽ  സംസാരിക്കുകയായിരുന്നു അവർ. ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേഷൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻറെ ക്രിയാത്മകമായ ഇടപെടലിലൂടെ ഭക്ഷ്യ വിതരണ രംഗത്ത് മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കമ്മീഷന്റെ ഇടപെടലിലൂടെ ജില്ലയിലെ ദുർഘട ഗോത്രവർഗ മേഖലകളിൽവരെ  കൃത്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് ഉറപ്പു വരുത്താൻ കഴിഞ്ഞിട്ടുണ്ട്.

2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിൽ വ്യവസ്ഥ ചെയ്തത് പ്രകാരം ജനങ്ങളുടെ ഭക്ഷ്യ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിൽ ജില്ലയിലെ പൊതുവിതരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം എന്നീ വകുപ്പുകൾ മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. എന്നാലും ചെറിയ ശതമാനം ആളുകളുടെ ഭാഗത്ത് നിന്നും വീഴ്ചകൾ സംഭവിക്കുന്നുണ്ട്. അവ കൂടി പരിഹരിച്ച് മുന്നോട്ട് പോകണമെന്നും വിതരണം ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പു വരുത്തണമെന്നും അവർ പറഞ്ഞു. നാലര വർഷത്തിനിടയിൽ വിവിധ വകുപ്പുകൾ വഴി ഭക്ഷ്യപൊതു വിതരണ രംഗത്ത് ജില്ലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ അവലോകനം നടത്തി.
 ഡെപ്യൂട്ടി കലക്ടർ പി അൻവർ സാദത്ത് സ്വാഗതം പറഞ്ഞു.     ജില്ലാ സപ്ലൈ ഓഫീസറുടെ ചാർജ്ജ് വഹിക്കുന്ന  ശിവദാസ് പിലാപ്പറമ്പിൽ ,  തദ്ദേശ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.ബൈജു, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പി.അഷറഫ്, വനിതാ ശിശു വികസന ഓഫീസർ കെ.വി ആഷാമോൾ , ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.എസ് ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.