കേരളത്തിന് ലഭിക്കേണ്ട അർഹമായ കേന്ദ്ര  വിഹിതം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന  പ്രതിസന്ധി ഈ സാമ്പത്തിക വർഷത്തിലോ അടുത്ത സാമ്പത്തിക വർഷത്തിലോ പരിഹരിക്കാൻ കഴിയുന്നതല്ലെന്നും  വർഷങ്ങളോളം നാടിനെ പുറകോട്ട് അടിപ്പിക്കാൻ കഴിയുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗവൺമെന്റ് ബോയ്സ് സ്കൂൾ മൈതാനത്ത് നടന്ന മാവേലിക്കര മണ്ഡലം നവ കേരള സദസ്സിൽ സംസാരിക്കുകയായിരുന്നു
അദ്ദേഹം.

കേന്ദ്ര വിഹിതം ലഭ്യമാകാത്തതിനാലുള്ള  സാമ്പത്തിക പ്രയാസം  മൂലം വിവിധ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വരും. ഇന്ന് നടപ്പാക്കേണ്ട പദ്ധതികൾ ഇന്ന് തന്നെ നടപ്പായില്ലെങ്കിൽ കാര്യമില്ല. നാട് വല്ലാതെ പിറകോട്ട് പോകുന്ന വലിയ അപകടമാണ് സംഭവിക്കുക. യഥാർത്ഥ ഗൗരവം ഉൾക്കൊണ്ട് നാട് പ്രതികരിക്കേണ്ട ഘട്ടമാണിത്. ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് തിരുത്തൽ നടപടികൾക്ക് തയ്യാറാകാൻ കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്.

ഒരു പ്രശ്നവുമില്ലാതെ പോകാൻ കഴിയുന്ന സംസ്ഥാനമായിരുന്നു കേരളം. പക്ഷേ കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ സമീപനം മൂലം വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. കേരളത്തിന്റെ ആഭ്യന്തര വളർച്ചയിൽ നല്ല പുരോഗതിയുണ്ടായി. 2016 ലെ വളർച്ചാ നിരക്കിൽ നിന്ന് എട്ട് ശതമാനം വർധന ഏഴു വർഷം കൊണ്ട് നേടി. തനത് വരുമാനവും വലിയ തോതിൽ വർധിച്ചു. 2016 ൽ നിന്ന് 41 ശതമാനം വർധന സംസ്ഥാനത്തിന് നേടാനായി. മൊത്തം ആഭ്യന്തര ഉത്പാദനത്തിലും വർധനയുണ്ടായി. 2016 ലെ 5,60,000 കോടി രൂപയുടെ ആഭ്യന്തര ഉത്പാദനം 10, 17, 000 കോടി രൂപയായി വർധിച്ചു. ഈ വളർച്ച എല്ലാ മേഖലയിലുമുണ്ടായി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2016 ലെ 1,48,000 രൂപയിൽ നിന്ന് 2,28,000 രൂപയായി വർധിച്ചു.

കേരളം ചെലവിട്ട തുകയിൽ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കേണ്ട കുടിശ്ശിക 5632 കോടി രൂപയാണ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിന്റെ കൈയിൽ കിട്ടേണ്ട തുകയിൽ വന്ന കുറവ് 1,07513 കോടി 9 ലക്ഷം രൂപയാണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രയോജനമില്ല. കടമെടുപ്പ് പരിധിയും കുറച്ചു. സംസ്ഥാനങ്ങളുടെ അവകാശമാണ് കടമെടുപ്പ്. എന്നാൽ ഭരണഘടനാ വിരുദ്ധമായി കേന്ദ്ര സർക്കാർ ഇതിൽ ഇടപെടുന്നു. സംസ്ഥാനത്തിന് ആവശ്യമായ തുകയിൽ വലിയ കുറവ് വരുത്തുന്നു. തുടർന്നാണ് കേന്ദ്രനിലപാടിനെതിരെ സംസ്ഥാനം സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ തടയുകയാണ് കേന്ദ്രം. കിഫ്ബി, ക്ഷേമ പെൻഷനു വേണ്ടിയുള്ള കമ്പനി പോലുള്ള ഏജൻസികൾ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കുകയാണ് കേന്ദ്രം.

കിഫ്ബി വഴി 83000 കോടിയുടെ പദ്ധതികളാണ് ഏറ്റെടുത്തത്. കിഫ്ബി വഴിയും ബജറ്റിലൂടെയും കേരളത്തിന്റെ മുഖച്ഛായ വലിയ തോതിൽ മാറി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഇടപെടലിനെ തുടർന്നുള്ള ഗുണഫലം നാടിനാകെ പ്രയോജനകരമായി. നാടിന്റെ വിവിധ മേഖലകളിൽ മാറ്റം ദൃശ്യമായി.

ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5500 കോടി രൂപയാണ് സംസ്ഥാനം കിഫ് ബി വഴി ലഭ്യമാക്കിയത്. തീരദേശ പാത മലയോര ഹൈവേ എന്നിവയ്ക്കായി 10000 കോടി രൂപയും നീക്കിവച്ചു. പ്രധാന റോഡുകൾ പാലങ്ങൾ മറ്റു നിർമ്മിതികൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി വരികയാണ്. ഈ രീതിയിൽ വികസന പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത് തടയുകയാണ് കേന്ദ്രസർക്കാർ. ഈ പണം എല്ലാം സംസ്ഥാനത്തിന്റെ കടമായാണ് കേന്ദ്രം പരിഗണിക്കുന്നത്. കിഫ്ബി പോലുള്ള ഏജൻസികൾ കേന്ദ്രസർക്കാരിലും ഉണ്ട് . ദേശീയപാത അതോറിറ്റി ഇത്തരം ഒരു ഏജൻസിയാണ്. എന്നാൽ അവർ എടുക്കുന്ന വായ്പ കേന്ദ്രസർക്കാരിന്റെ കടമായി പരിഗണിക്കുന്നില്ല.

ക്ഷേമ പെൻഷൻ നൽകുന്നതിനായി പെൻഷൻ കമ്പനി സംസ്ഥാനം രൂപീകരിച്ചു. പെൻഷൻ നൽകുന്നതിനുള്ള പണം ആദ്യം കമ്പനി കണ്ടെത്തുകയും പിന്നീട് സംസ്ഥാനം ആ തുക നൽകുകയും ചെയ്യും. എന്നാൽ കമ്പനിയുടെ കടവും സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ക്ഷേമ പെൻഷനുകൾക്ക് കേന്ദ്രസർക്കാർ എതിരാണ്. ഇത്ര വലിയ തുക ഇത്രയധികം പേർക്ക് പെൻഷനായി നൽകേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുള്ളത്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന സാമ്പത്തിക നയമല്ല സംസ്ഥാനം പിന്തുടരുന്നത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേർത്തുപിടിക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിക്കുന്നത്.

നാടിന്റെ പുരോഗതിക്കായുള്ള പരിപാടിയാണ് നവകേരള സദസ്സ്. പ്രതിപക്ഷ കക്ഷികൾ ഇതു മനസിലാക്കുന്നില്ല. ഓരോ സദസ്സിലും എത്തുന്ന പതിനായിരങ്ങൾ കേരളത്തിന്റെ ആകെ ഭാഗമാണ്. ഭേദചിന്തയില്ലാതെ നാട് ഒന്നിക്കുകയാണ്. നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനത്തെ ജനങ്ങൾ തള്ളിക്കളയുകയാണ് ചെയ്തതതെന്നും മുഖ്യമന്ത്രി പറഞ്ഞു

എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, വി.എൻ. വാസവൻ, വീണാ ജോർജ് എന്നിവർ സംസാരിച്ചു. എ.എം.ആരിഫ് എം.പി. , ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു. എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഡി. സാജൻ സ്വാഗതം പറഞ്ഞു.