വികസന കാര്യങ്ങളിൽ ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. ഭാവിയിൽ  സമൂഹം എങ്ങനെ ആയിരിക്കണമെന്നതിൽ കൃത്യമായ  കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യൻ കോളേജ് മൈതാനത്ത് ചെങ്ങന്നൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം കഴിയുമ്പോൾ കേരളം എവിടെയെത്തണമെന്നുള്ള കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ  സർക്കാർ മുന്നോട്ടു വെക്കുന്നത്.

കേരളത്തിന്റെ സാമൂഹിക മാറ്റത്തിൽ പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതത്തിൽ മാറ്റമുണ്ടാകാൻ വേണ്ടിയുള്ള ഇടപെടലാണ് പിണറായി വിജയൻ സർക്കാർ ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കടമയോടുകൂടി നിറവേറ്റുന്ന സർക്കാറാണിത്.2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ യു.ഡി.എഫ്. സർക്കാരിൻ്റെ 18 മാസക്കാലത്തെ പെൻഷൻ കുടിശിക തീർത്തു കൊടുത്തു. കർഷക തൊഴിലാളികളുടെ പെൻഷൻ, വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയെല്ലാം തീർത്തു കൊടുത്തു. 600 രൂപ മാത്രമായിരുന്ന പെൻഷൻ 1600 രൂപയിലേക്ക് വർദ്ധിപ്പിച്ചു.

2011 മുതൽ 2016 വരെ കേരളം ഭരിച്ച യു.ഡി.എഫ്. സർക്കാർ 32 ലക്ഷം പേർക്ക് കേവലം 911 കോടി രൂപയാണ് പെൻഷൻ നൽകിയത്. അഞ്ചുവർഷംകൊണ്ട് എൽ.ഡി.എഫ്. സർക്കാർ 62 ലക്ഷം പേർക്ക് 35,154 കോടി രൂപയാണ് നൽകിയത്. രണ്ടര വർഷം കൊണ്ട് പെൻഷൻ കൊടുക്കുന്നത് 64 ലക്ഷം ആളുകളായി വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയാണ് വർഗീയ ധ്രുവീകരണം. മതേതരത്വവും മത സൗഹാർദ്ദവും കാത്തു സൂക്ഷിക്കുന്നതിൽ രാജ്യത്തിന് മാതൃകയാണ് കേരളം. കേന്ദ്ര സർക്കാർ ഏതുവിധേനയും നമ്മുടെ നാടിനെ തളർത്താൻ ശ്രമിക്കുകയാണ്. എന്നാൽ ക്ഷേമവും വികസനവും ഒന്നിച്ച് നടത്തി ഈ സർക്കാർ കേന്ദ്രത്തിന്റെ ചെയ്തികളെ പ്രതിരോധിക്കുന്നു. എല്ലാം മനുഷ്യരെയും ചേർത്തുപിടിച്ചു കൊണ്ടാണ് കേരളം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.