തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ആനക്കാം പൊയിൽ ,മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശത്ത് നിരവധി വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾക്ക് തുടക്കമായി.

വനാതിർത്തി പങ്കിടുന്ന കർഷകരും നാട്ടുകാരും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും ചർച്ച ചെയ്യുന്നതിനായി ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മുത്തപ്പൻപുഴ സെന്റ് തോമസ് എൽ പി സ്കൂളിൽ യോഗം ചേർന്നു.

പതിറ്റാണ്ടുകൾക്ക് മുമ്പ് പട്ടയം ലഭിച്ച കൃഷി ഭൂമിയിൽ വനം വകുപ്പ് നോട്ടീസ് നൽകുന്നതും ജണ്ട നിർമ്മിക്കുന്നതും പുഴ പൊതുവായി ഉപയോഗിക്കാൻ കഴിയാത്ത വിഷയവും വന്യമൃഗ ശല്യവും കാർഷിക തകർച്ചയും കർഷകർ ചർച്ചയിൽ ഉന്നയിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വനം, റവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നതിനും യോഗം തീരുമാനിച്ചു. പ്രമാണങ്ങൾ പരിശോധിച്ച് ഫീൽഡ് തല പരിശോധന നടത്തിയാണ് സംയുക്ത പരിശോധന നടത്തുന്നത്. സംയുക്ത പരിശോധനയെ സഹായിക്കുന്നതിന് നാട്ടുകാരുടെ സമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു.

യോഗത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ഡെപ്യൂട്ടി കളക്ടർ പുരുഷോത്തമൻ, വനം റേഞ്ച് ഓഫീസർ കെ വി ഷിജു എന്നിവർ സംസാരിച്ചു. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.