സംസ്ഥാന സെമിനാര്‍ ഡിസംബര്‍ 21 ന് സുല്‍ത്താന്‍ ബത്തേരിയില്‍

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിനായി വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ഡിസംബര്‍ 19 നും 20 നും തിരുനെല്ലിയില്‍ നടക്കും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിനാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.19 ന് രാവിലെ 8.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് അംബേദ്ക്കര്‍ കോളനി വനിതാ കമ്മീഷന്‍ സന്ദര്‍ശിക്കും.

പട്ടികവര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 19 ന് ഉച്ചക്ക് 2.30ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 20 ന് രാവിലെ 10ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. സ്ത്രീധന സമ്പ്രദായത്തിനെതിരെയും സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ സംബന്ധിച്ചും ബോധവല്‍ക്കരിക്കുന്നതിന് വനിതാ കമ്മീഷന്‍ ഡിസംബര്‍ 21 ന് രാവിലെ 10 ന് സുല്‍ത്താന്‍ബത്തേരി നഗരസഭ ഓഡിറ്റോറിയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് അധ്യക്ഷത വഹിക്കും. വനിതാ കമ്മീഷന്‍ അംഗങ്ങള്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.