മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വയനാട്ടില്‍ തേന്‍ സംഭരണത്തിലുണ്ടായത് 50 ശതമാനത്തിന്റെ ഇടിവ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തില്‍ കഴിഞ്ഞവര്‍ഷം ഇതേ സമയം 22,000 കിലോഗ്രാം തേനാണ് ശേഖരിച്ചത്. ഇതില്‍ വന്‍തേന്‍, ചെറുതേന്‍, പുറ്റുതേന്‍ എന്നിവ ഉള്‍പ്പെടും. എന്നാല്‍ ഇത്തവണ അത് 12,000 കിലോയായി കുറഞ്ഞു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴ കാരണം വനത്തില്‍ പോകാന്‍ കഴിയാത്തതും തേന്‍കൂടുകള്‍ നശിച്ചതും സംഭരണം കുറയാന്‍ കാരണമായി. ഒരു പതിറ്റാണ്ടിനിടെയുണ്ടായ എറ്റവും കുറഞ്ഞ തേന്‍സംഭരണമാണ് ഇത്തവണത്തേത്.
ഇതോടെ തേന്‍ ശേഖരണം മുഖ്യവരുമാന സ്രോതസായി കണ്ടിരുന്ന കാട്ടുനായ്ക്ക വിഭാഗത്തിനും തേന്‍കാലം കയ്പ്പിന്റേതായി. അതിവര്‍ഷമാണ് തേന്‍കാലത്തെ വരുമാനം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന കാട്ടുനായ്ക്ക വിഭാഗത്തെ ചതിച്ചത്. വനത്തിലടക്കം വന്‍ മരങ്ങളിലും കെട്ടിടങ്ങളുടെ മൂലകളിലും മണ്‍പുറ്റുകളിലുമുള്ള തേനീച്ചക്കൂടുകളില്‍ നിന്നു ശേഖരിക്കുന്ന തേന്‍ പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍ക്കും മുത്തങ്ങ ഹണി എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിക്കും നല്‍കിയാണ് ഇവര്‍ വരുമാനമുണ്ടാക്കുന്നത്. ഏപ്രിലില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്നതാണ് വയനാട്ടിലെ തേന്‍കാലം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് പ്രധാനമായും വിളവെടുപ്പ്.
വന്‍തേന്‍, ചെറുതേന്‍, കൊമ്പുതേന്‍, പുറ്റുതേന്‍ എന്നിങ്ങനെ നാലിനം തേനാണ് വയനാട്ടില്‍ കാട്ടിലും നാട്ടിലുമായി വിളയുന്നത്. വന്‍തേനീച്ചകള്‍ കൂറ്റന്‍ മരങ്ങള്‍ക്കു പുറമേ വനാതിര്‍ത്തികളിലുള്ള കെട്ടിടങ്ങളിലും കൂടൊരുക്കാറുണ്ട്. ഇടത്തരം വൃക്ഷങ്ങളുടെ കൊമ്പുകളിലാണ് കൊമ്പുതേനീച്ച കൂടുകൂട്ടുന്നത്. ചെറുതേനീച്ചകള്‍ മരപ്പൊത്തുകളിലും പുറ്റുതേനീച്ചകള്‍ മണ്‍പുറ്റുകളിലുമാണ് അടകളില്‍ തേന്‍ വിളയിക്കുന്നത്. തേന്‍ ഇനങ്ങളില്‍ ചെറുതേനിനാണ് കൂടുതല്‍ ഔഷധമൂല്യം. വിപണികളില്‍ ഏറ്റവും പ്രിയവും ഈയിനത്തിനാണ്.
തേന്‍ ഉല്‍പ്പാദനത്തിനു പ്രസിദ്ധമാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ച്. ഇവിടെ ഉള്‍വനങ്ങളിലടക്കം താന്നി, കരിമരുത്, വെണ്ടേക്ക് തുടങ്ങിയ ഇനം മരങ്ങളിലാണ് തേനീച്ചക്കൂടുകളില്‍ അധികവും. വേനല്‍മഴ ആവശ്യത്തിനു ലഭിക്കുമ്പോള്‍ വൃക്ഷങ്ങള്‍ പുഷ്പിച്ച് തേന്‍ ഉത്പാദനം വര്‍ദ്ധിക്കാറുണ്ട്. 2016-ല്‍ മുത്തങ്ങ ഹണി ഇക്കോ ഡെലവപ്‌മെന്റ് കമ്മിറ്റി 2016 കിലോഗ്രാം തേനാണ് സംഭരിച്ചത്. 2017 ജൂണ്‍ വരെ 4571 കിലോയും സംഭരിക്കാനായിരുന്നു. മുത്തങ്ങയിലേതിനു പുറമേ കല്ലൂര്‍, പുല്‍പ്പള്ളി, അപ്പപ്പാറ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ സഹകരണ സംഘങ്ങളും ആദിവാസികളില്‍ നിന്നും തേന്‍ വാങ്ങുന്നുണ്ട്. ഇക്കോ ഡെലവപ്‌മെന്റ് കമ്മിറ്റിയിലും പട്ടികവര്‍ഗ സഹകരണ സംഘങ്ങളിലും അംഗങ്ങളായ ആദിവാസികളാണ് വനത്തില്‍നിന്നു തേന്‍ ശേഖരിക്കുന്നതില്‍ ഏറെയും. ചെറുകിട വന വിഭവമായ തേന്‍ ശേഖരിക്കുന്നതില്‍ വനാശ്രിത ജീവിതം നയിക്കുന്ന ആദിവാസികള്‍ക്ക് നിയമപരമായ അവകാശമുണ്ട്.
മാനംമുട്ടി നില്‍ക്കുന്ന വന്‍മരങ്ങളില്‍ കയറി കൂടുകളില്‍നിന്നു ഈച്ചകള്‍ക്ക് ഹാനി വരുത്താതെ തേന്‍ ശേഖരിക്കാന്‍ പ്രത്യേക വൈഭവമാണ് കാട്ടുനായ്ക്കര്‍ക്ക്. മുത്തങ്ങയില്‍ കിലോഗ്രാമിനു 275 രൂപ വില നല്‍കിയാണ് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി തേന്‍ ശേഖരിക്കുന്നത്. വൈല്‍ഡ് ഗോള്‍ഡ് എന്ന ബ്രാന്‍ഡിലാണ് വില്‍പന. തേന്‍ ഇനങ്ങളുടെ വ്യത്യാസം അനുസരിച്ച് 500 മുതല്‍ 600 രൂപ വരെയാണ് വില. പുറ്റുതേനാണ് ജില്ലയില്‍ ഏറ്റവും ഒടുവില്‍ വിളപ്പെടപ്പിനു പാകമാകുന്നത്. സെപ്തംബര്‍ അവസാനം വരെ നീളുന്നതാണ് പുറ്റുതേന്‍ വിളവെടുപ്പുകാലം. ലിറ്റര്‍ കണക്കിനു തേന്‍ ചുരത്തുന്നതാണ് വന്‍ മരങ്ങളിലെ തേനീച്ചക്കൂടുകള്‍.

വനവിഭവങ്ങളുടെ സംഭരണത്തിലും കുറവ്
തേനീനു പുറമെ കല്‍പ്പാശം, ചുണ്ട, കുറുന്തോട്ടി എന്നിവയുടെ സംഭരണത്തിലും ഗണ്യമായ കുറവുണ്ടായെന്നു സംഘം ഭാരവാഹികള്‍ പറഞ്ഞു. മുന്‍വര്‍ഷം ആറായിരം കിലോഗ്രാം വരെ കല്‍പ്പാശം സംഭരിച്ചിരുന്നു. ഇത്തവണ ഇതുവരെ ആയിരം കിലോപോലും ആയിട്ടില്ല. വര്‍ഷം മുഴുവന്‍ കല്‍പ്പാശത്തിന്റെ ശേഖരണം നടക്കുമെന്നതിനാല്‍ ഇതിന് മാറ്റമുണ്ടായേക്കും. കഴിഞ്ഞവര്‍ഷം 1,25,000 കിലോഗ്രാം കുറന്തോട്ടി സംഭരിച്ചിരുന്നു. പക്ഷേ, ഇത്തവണ കനത്ത മഴയില്‍ വെള്ളം കെട്ടിക്കിടന്ന കുറുന്തോട്ടി ചീഞ്ഞുനശിച്ചതു കാരണം കാര്യമായി സംഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ഞമാസങ്ങളില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് പണം നേടിക്കൊടുക്കുന്ന ചുണ്ട സംഭരണത്തിലും കാര്യമായ കുറവ് ഇത്തവണയുണ്ടായി. കഴിഞ്ഞ വര്‍ഷം 10,000 കിലോഗ്രാം ചുണ്ട കല്ലൂര്‍ പട്ടികവര്‍ഗ സഹകരണസംഘം സംഭരിച്ചിരുന്നു.