ലഹരിമരുന്നുകള്‍ക്കും വ്യാജ മദ്യത്തിനെതിരെയുമുള്ള പരിശോധനകള്‍ കര്‍ശനമാക്കാന്‍ വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും അനധികൃത മദ്യ കടത്തും തടയുന്നതിന് രൂപീകരിച്ച ജില്ലാ തല ജനകീയ കമ്മറ്റി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൗമാരക്കാരെയും യുവജനങ്ങളേയും മയക്കുമരുന്നിന്റെ കെണിയില്‍പെടുത്താന്‍ ചില റാക്കറ്റുകള്‍ പ്രവൃത്തിക്കുന്നതായും എളുപ്പം ധനസമ്പാദനത്തിനുള്ള ഉപാധിയായി രാസലഹരി മരുന്ന് വിപണനത്തെ ഉപയോഗിക്കുന്നതായും യോഗം വിലയിരുത്തി.
സ്‌കൂള്‍ പരിസരങ്ങള്‍, ചില കോളനികള്‍, നഗരത്തിലെ ഒഴിഞ്ഞ കെട്ടിട സമുച്ചയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ ഇടപെടലെന്നും ഇത്തരം സ്ഥലങ്ങളില്‍ പട്രോളിംഗും സംയുക്ത പരിശോധനകളും ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിവര ശേഖരണം നടത്തും. പ്രാദേശിക തലത്തില്‍ ജനകീയ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കും. ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി രാഗേഷ് ഇത് വരെ നടത്തിയ പ്രവത്തനങ്ങള്‍ വിശദീകരിച്ചു.
ഇക്കഴിഞ്ഞ ആഗസ്ത് 14 മുതല്‍ ഡിസംബർ 19 വരെ ജില്ലയില്‍ നിന്നും 6600 ലിറ്റര്‍ സ്പിരിറ്റ്, 141.5 ലിറ്റര്‍ ചാരായം, 12937 ലിറ്റര്‍ വാഷ് എന്നിവ പിടികൂടി. 1264 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 1348 ലിറ്റര്‍ ഇതര സംസ്ഥാനമദ്യം, 24 കിലോഗ്രാം കഞ്ചാവ്, 109.5 ഗ്രാം എംഡിഎംഎ, 158.2 ഗ്രാം മെത്താംഫിറ്റമിന്‍, 12.32 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 0.260 ഗ്രാം ഹെറോയിന്‍, 1.22 ഗ്രാം ഹാഷിഷ്, 113.344 ഗ്രാം ഹാഷിഷ് ഓയില്‍, 669.13 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ പിടികൂടി. അബ്കാരി, എന്‍ ഡി പി എസ്, കോട്പ, പെന്റിംഗ് കേസുകളിലായി 657 പേരെ അറസ്റ്റ് ചെയ്തു.
19 മൊബൈല്‍ ഫോണുകളും, 46700 രൂപ തൊണ്ടി പണവും, 1.43 കോടി രൂപ കുഴല്‍ പണവും പിടിച്ചെടുത്തു. കോട്പ കേസുകളില്‍ 3.87 ലക്ഷം രൂപ പിഴയീടാക്കി. 3827 റെയ്ഡുകള്‍, 106 കമ്പൈന്‍ഡ് റെയ്ഡുകള്‍, 53784 വാഹന പരിശോധനകള്‍ എന്നിവ നടത്തി. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ഷാജിര്‍, കെ സി ജിഷ, കെ വേലായുധന്‍, അസി.എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.