പട്ടികവര്‍ഗവിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുനെല്ലിയില്‍ നടക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണം.
അവിവാഹിതരായ അമ്മമാരുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള സൗജന്യ ഡി.എന്‍.എ പരിശോധന പോലെയുള്ള സൗകര്യങ്ങളുമായ് വനിതാ കമ്മിഷന്‍ മുന്നോട്ട് പോകുകയാണെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണം. യുവ തലമുറയക്ക് തൊഴില്‍ സാഹചര്യമൊരുക്കുന്നതില്‍ പട്ടിക വര്‍ഗ വകുപ്പും കുടുംബശ്രീയും സംയുക്തമായി പദ്ധതികള്‍ രൂപീകരിക്കണം. പ്രത്യേകിച്ച് വനിതകള്‍ക്കുളള സൗജന്യ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
യോഗത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.