ജില്ലയിലെ മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ നല്‍കിയ കലണ്ടര്‍ പ്രകാരം ഏകീകരിക്കാന്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു.
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം മാലിന്യശേഖരണം നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മാലിന്യ സംസ്‌കരണ രംഗത്തുള്ള സ്വകാര്യ ഏജന്‍സികളുടെ യോഗം വിളിച്ചത്.

സ്വകാര്യ ഏജന്‍സികള്‍ ശേഖരിക്കുന്ന മാലിന്യങ്ങളുടെ കണക്ക് കൃത്യമായി സര്‍ക്കാരിനെ അറിയിക്കുക, മാലിന്യം നീക്കം ചെയ്യാനുപയോഗിക്കുന്ന വാഹനങ്ങളില്‍ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സ്വകാര്യ ഏജന്‍സിള്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.

സ്വകാര്യ കമ്പനികൾ മാലിന്യനിർമാർജനം ഏറ്റെടുത്ത് നടത്തുന്ന പ്രദേശങ്ങളിലെ ജൈവ മാലിന്യങ്ങളും ആവശ്യഘട്ടങ്ങളിൽ ഏറ്റടുത്ത് നിർമാർജനം ചെയ്യാൻ കമ്പനികൾ തയാറാകണമെന്നും ഏജൻസികൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാ സർക്കാർ അനുമതികളും ഏജൻസികൾ ഉറപ്പ് വരുത്തണമെന്നും യോഗം നിർദേശിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടിജെ അരുൺ , അസി.ഡയറക്ടർ ജസീർ , ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ മിഷൻ
ജില്ലാ കോ-ഓഡിനേറ്റർ കെ.എം സുനിൽ കുമാർ ,ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്.തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.