20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി പൂര്‍ത്തീകരിച്ചു
ജില്ലയില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി കുടുംബങ്ങള്‍ക്ക് കൈതാങ്ങാകുന്നു. ഇതുവരെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. വൈത്തിരി, പൊഴുതന, മീനങ്ങാടി, അമ്പലവയല്‍, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, നെന്‍മേനി, പനമരം, മുള്ളന്‍ക്കൊല്ലി, എടവക, നൂല്‍പ്പുഴ, തൊണ്ടര്‍നാട് , തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, വെള്ളമുണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി നഗരസഭയുമാണ് സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ . ഇന്ത്യയില്‍ തന്നെ സുരക്ഷ പദ്ധതി പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്താണ് നൂല്‍പ്പഴ. ബത്തേരി മുനിസിപ്പാലിറ്റി പദ്ധതി പൂര്‍ത്തീകരിച്ച ആദ്യ മുനിസിപ്പാലിറ്റിയുമാണ്. ബ്ലോക്ക് പഞ്ചായത്തില്‍ ബത്തേരിയാണ് സമ്പൂര്‍ണമായി പൂര്‍ത്തീകരിച്ച ആദ്യ ബ്ലോക്ക്.
ആസ്പിരേഷന്‍ ജില്ലയുടെ ഭാഗമായി ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘സുരക്ഷ 2023.സാമ്പത്തിക ഉള്‍പെടുത്തല്‍ വിഭാഗത്തില്‍ മൂന്ന് തവണയും ആസ്പിരേഷണല്‍ ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയെടുക്കാന്‍ ജില്ലക്ക് സാധിച്ചിട്ടുണ്ട്.
പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നീ സ്‌കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സുരക്ഷാ പദ്ധതിയിലൂടെ വര്‍ഷത്തില്‍ വെറും 20 രൂപക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും , 436 രൂപയ്ക്കു രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കാന്‍ സാധിക്കും . ഒരു പദ്ധതിയിലെങ്കിലും ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബാങ്കുകള്‍ , സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാര്‍ , കുടുംബശ്രീ , വാര്‍ഡ് മെമ്പര്‍മാര്‍ , അക്ഷയ കേന്ദ്രങ്ങള്‍ , എം.എന്‍ ആര്‍.ജി.എ തൊഴിലാളികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരിലൂടെ സുരക്ഷാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നത് . ഓരോ ജീവനും വിലപെട്ടതാണെന്ന ലക്ഷ്യം ഉള്‍ക്കൊണ്ട് ജില്ലയെ സുരക്ഷ 2023 പോലെയുള്ള സാമൂഹിക പദ്ധതിയില്‍ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്.