കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ജനകീയമാക്കുന്നതിനും സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ച സാഹചര്യത്തിൽ ഗേറ്റ് നിർമ്മാണം ഉൾപ്പെടെ അനുബന്ധ പദ്ധതികൾ തുടങ്ങുന്നതിനും പിലാശ്ശേരി സബ് സെന്ററിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനും തീരുമാനിച്ചു. ഒളവണ്ണ സി.എച്ച്.സിയിൽ 1.32 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന് കണ്ടെത്തിയ സ്ഥലത്തുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനെ ചുമതലപ്പെടുത്തി.

ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ഒ.പി ബ്ലോക്ക് നിർമ്മിക്കാൻ അനുവദിച്ച 1.43 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും പെരുവയൽ, പെരുമണ്ണ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.

ചെറൂപ്പ സി.എച്ച്.സിയുടെ നിയന്ത്രണം ബ്ലോക്ക് പഞ്ചായത്തിന് വിട്ടു നൽകി സർക്കാർ ഉത്തരവായ സാഹചര്യത്തിൽ തുടർ പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്തുന്നതിനും ഭരണ നിയന്ത്രണത്തിനും ബ്ലോക്ക് പഞ്ചായത്തിന് പൂർണ്ണ സ്വാതന്ത്ര്യമുള്ളതിനാൽ പ്രവർത്തന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നതിനും പത്ത് ദിവസത്തിനകം എം.എൽ.എയുടെ സാന്നിധ്യത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, കോഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി.കെ ശൈലജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒളിക്കൽ അബ്ദുൽ ഗഫൂർ, വാസന്തി വിജയൻ, വൈസ് പ്രസിഡന്റുമാരായ വി അനിൽകുമാർ, സി ഉഷ, അഡീഷണൽ ഡി.എം.ഒ എ.പി ദിനേശ് കുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ ഷാജി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ ഷിയോലാൽ, ചന്ദ്രൻ തിരുവലത്ത്, വി ഷാഹിന, റംല പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു.

ആരോഗ്യവകുപ്പ് ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എം സച്ചിൻ ബാബു സ്വാഗതവും കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിന്റ് ലിജി പുൽകുന്നുമ്മൽ നന്ദിയും പറഞ്ഞു.