കേരളം നേടിയ നേട്ടങ്ങൾ, കൈവരിക്കേണ്ട പുരോഗതികൾ, നേരിടുന്നവെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായമാണ് നവകേര സദസ്സിൽ രൂപപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തോന്നയ്ക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചിറയിൻകീഴ് മണ്ഡലംനവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസ്സിന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും അയ്യായിരത്തിലധികം പരാതികളാണ് ലഭിച്ചത്.
പരാതി നൽകുന്നവർക്ക് രസീത് നൽകുകയും, തുടർനടപടികൾ സ്വീകരിച്ചുകൊണ്ട് പരാതികൾ സമയബന്ധിതമായി തീർപ്പ് കൽപിക്കുകയും ചെയ്തുവരികയാണ്. ക്യാബിനറ്റ് യോഗങ്ങൾ ഇല്ലാത്ത ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചയിലൂടെ അഭിപ്രായ രൂപീകരണം നടത്തുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് മന്ത്രിസഭയെ ഒരുമിച്ചു കാണാനും സംവദിക്കാനും സാധിച്ചതെന്ന സന്തോഷം പങ്കെടുത്തവർ പങ്കുവെക്കുന്നത് ഹൃദ്യമായ അനുഭവമാണ്.
പ്രഭാത സദസുകളിലെ മുഴുവൻ അഭിപ്രായങ്ങളും മുഖ്യമന്ത്രി രേഖപ്പെടുത്തുകയും മറുപടി നൽകുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുന്നു. 2016 ൽ സർക്കാർ അധികാരത്തിലെത്തുമ്പോഴുള്ള അവസ്ഥയല്ല ഇന്ന് കേരളത്തിലുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിലെ മുരടിപ്പ് ഇല്ലാതാക്കുവാൻ തുടർന്ന് വന്ന സർക്കാരിനു കഴിഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് ഇന്ത്യയിൽ തന്നെ ചരിത്രം സൃഷ്ടിച്ച സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഭരണ തുടർച്ച.നിരവധി വെല്ലുവിളികൾ നേരിട്ടു കൊണ്ട് ലോകരാജ്യങ്ങൾക്ക് മാതൃകയായി ആരോഗ്യരംഗത്തെ പ്രതിസന്ധികളെയടക്കം തരണം ചെയ്യാൻ സംസ്ഥാനത്തിനായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
47 ലക്ഷം വിദ്യാർത്ഥികളുള്ള പൊതുവിദ്യാഭ്യാസ മേഖലക്കായി 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.സ്‌കൂൾ തുറക്കുന്നതിനു രണ്ടുമാസം മുൻപ് തന്നെ പാഠപുസ്തകം എത്തിക്കുകയും യൂണിഫോം, പരീക്ഷ ഫലപ്രഖ്യാപനം, പാഠപുസ്തക പരിഷ്‌കരണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടേയും പൊതുസമൂഹത്തിന്റെയും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠപുസ്തക പരിഷ്‌കരണം സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ്.ശാസ്ത്രം, മനുഷ്യാവകാശം, മാലിന്യനിർമ്മാർജ്ജനം, ലൈംഗികവിദ്യാഭ്യാസം, കാലാവസ്ഥവ്യതിയാനം, തൊഴിൽ ,ആരോഗ്യ രംഗം എന്നീ മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തക പരിഷ്‌കരണം സാധ്യമാക്കിയത്.ഏഴ് വർഷം കൊണ്ട് രണ്ടേമുക്കാൽ ലക്ഷം പട്ടയങ്ങൾ നൽകുവാനും ഗവൺമെന്റിന് സാധിച്ചു. തനത് വരുമാനം വർദ്ധിപ്പിക്കുകയും മൂന്നു ലക്ഷം പേർക്ക് 1600 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനും സാധിച്ചതായും മന്ത്രി പറഞ്ഞു.
എൻ സി ഇ ആർ ടി ഒഴിവാക്കിയ പാഠപുസ്തക ഭാഗങ്ങൾക്ക് പകരം യഥാർത്ഥ ചരിത്രം ഉൾപ്പെടുത്തി പാഠപുസ്തകം ഇറക്കിയ ഏക സംസ്ഥാനം കേരളമാണ്.ദേശീയപാത വികസനത്തിന് 98 ശതമാനം സ്ഥലവും ഏറ്റെടുത്തു നൽകിയത് കേരളമാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.
പി എസ് സി യിലൂടെ തൊഴിൽ നൽകുന്നതിലും അതി ദാരിദ്ര്യ നിർമാർജനത്തിലും വ്യവസായമേഖലയിലെ വളർച്ചയിലും നമ്മൾ വളരെയധികം മുന്നിലാണ് .നിർമാണമേഖലയിലെ കൂലി ഇന്ന് ദേശീയ ശരാശരിക്ക് മുകളിലാണ്.മിനിമം വേതനവും ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനവും കൂടുതൽ തൊഴിലാളി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചു. ഭരണത്തുടർച്ചയിലൂടെ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് .ഇതിനുള്ള പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അർപ്പിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.