സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര ക്രാഫ്റ്റ് പവലിയൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗും നബാർഡ്‌ പവലിയൻ നബാർഡ്‌ ഡിഡിഎം മുഹമ്മദ് റിയാസും പൈതൃകം പവലിയൻ ഐ.സി.സി.എൻ സെക്രട്ടറി ജനറൽ ഡോ. വി ജയരാജനും ഉദ്ഘാടനം ചെയ്തു. അതിഥികൾക്കുള്ള ഉപഹാര സമർപ്പണം യു.എൽ.സി.സി മാനേജിംഗ് ഡയറക്ടർ ഷാജു എസ് നിർവഹിച്ചു.

സ്വാഗത നൃത്തത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. പയ്യോളി നഗരസഭാ കൗൺസിലർ മുഹമ്മദ് അഷ്റഫ്, ഡിസിഎച്ച്- എംഎസ്ഇസി അസിസ്റ്റന്റ് ഡയറക്ടർ ഡോ സജി പ്രഭാകരൻ, വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ ആർ വാഞ്ചീശ്വരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സര്‍ഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി പി ഭാസ്ക്കരൻ സ്വാഗതവും ജനറൽ മാനേജർ ടി കെ രാജേഷ് നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര കലാ കരകൗശല മേള ജനുവരി എട്ട് വരെ

കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള സംഘടിപ്പിക്കുന്നത്. ശ്രീലങ്കയാണ് പാർട്‌ണർ രാജ്യമായി മേളയിൽ പങ്കെടുക്കുന്നത്. റഷ്യ, ടുണീഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരും കുടാതെ വിവിധ സംസ്ഥാനങ്ങളിലെ 400 ൽപ്പരം കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.

കരകൗശല വിദദ്ധർ ഒരുക്കുന്ന കരകൗശല പ്രദർശന വിപണന മേള, കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡവലപ്പ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്‌ട്‌സ് ഒരുക്കുന്ന കരകൗശല പ്രദർശനം, വനം വന്യജീവി വകുപ്പ് ഒരുക്കുന്ന പ്രദർശന പവിലിയൻ, സമഗ്ര ശിക്ഷ കേരള ഒരുക്കുന്ന സംസ്ഥാന ജേതാക്കളായ വിദ്യാർത്ഥി പ്രതിഭകളുടെ കരകൗശല പ്രദർശനം, പരിസ്ഥിതിയുടെ പരിരക്ഷക്ക് ഇ-വാഹനങ്ങളുടെ പ്രചാരണത്തിനായുള്ള “ഗ്രീൻ മൊബിലിറ്റി എക്സ്പോ”, കൂടാതെ വൈവിദ്ധ്യമേറിയ കലാപരിപാടികൾ, കേരളീയ ഭക്ഷ്യ മേള, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, ഹൗസ് ബോട്ട്, പെഡൽ, മോട്ടോർ ബോട്ട് എന്നിവയുമുണ്ട്.

മെഡിക്കൽ സപ്പോർട്ട് ഡെസ്കും സൗജന്യ ബി.എൽ.എസ് ട്രെയിനിങ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.