തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എംഎൽഎയും മോഡൽ സ്കൂൾ പ്രവർത്തന പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അം​ഗം വി പി ദുൽഖിഫിലും നിർവഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.

സ്കൂളുകളെ മാതൃകാ സ്കൂളുകളാക്കി ഉയർത്തുന്നതിനായാണ് മോഡൽ സ്കൂൾ എന്ന പദ്ധതി സർക്കാർ മുന്നോട്ടുവെച്ചത്. കേരളത്തിലെ14 ജില്ലകളിൽ നിന്നായി 14 വിദ്യാലയങ്ങളെയാണ് ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്ന് തിക്കോടിയൻ സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. 14 മേഖലകളുടെ വികസനത്തിനായി
പതിമൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന് അനുവദിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ കൂടുതൽ ഫണ്ട് കണ്ടെത്തി അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കും വിധം മാതൃകാ വിദ്യാലയമാക്കി മാറ്റാനാണ് മോഡൽ സ്കൂൾ പദ്ധതി വിഭാവനം ചെയ്യുന്നത്.

മേലടി ബ്ലോക്ക് പഞ്ചായത്തം​ഗം എം കെ ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.പി ഷെക്കീല, അം​ഗം ബിനു കാരോളി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മോഹനൻ പാഞ്ചേരി വി.എച്ച്.സി പ്രിൻസിപ്പൽ നിഷ വി, സ്റ്റാഫ് സെക്രട്ടറി എ പ്രിയ, പിടിഎ വെെസ് പ്രസിഡന്റ് മൊയ്തീൻ പെരിങ്ങാട്, ബിജു കളത്തിൽ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് സ്വാ​ഗതവും ഹെഡ് മാസ്റ്റർ എൻ എം മൂസകോയ നന്ദിയും പറഞ്ഞു.