അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രങ്ങളായി ബേപ്പൂർ നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ മാറ്റാൻ സാധിച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം മേളയും ടെക്സ്റ്റൈൽ ആർട്ട് ഫെസ്റ്റും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മേള ഒരു ടെക്സ്റ്റൈൽ ടൂർ ആയാണ് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശീയരുടെ ഉപജീവനത്തിന് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ (ആർ. ടി) പ്രധാന ലക്ഷ്യം. കാൽ ലക്ഷത്തോളം വരുന്ന ആർ.ടി യൂണിറ്റുകളുടെ 80 ശതമാനത്തോളം യൂണിറ്റുകൾക്കും നേതൃത്വം നൽകുന്നത് സ്ത്രീകളാണ് എന്നത് വളരെ അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ടൂറിസത്തെയും ബീച്ച് ടൂറിസത്തെയും വികസിപ്പിക്കാൻ സർക്കാർ എടുത്ത തീരുമാനം ഏത് പ്രതിസന്ധിയെയും തട്ടിമാറ്റി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.  എല്ലാവർഷവും ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.

കേരളത്തിനു പുറമെ, തമിഴ്നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, നാഗലാന്റ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യ വസ്ത്രനിര്‍മാതാക്കളും കലാകാരന്‍മാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആര്‍.ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 30 വരെ എല്ലാ ദിവസവും ഉച്ച രണ്ട് മുതല്‍ 10 മണി വരെ നടക്കുന്ന മേളയില്‍ വിവിധ സംരംഭകരുടെ 50 ലധികം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.