മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയെന്ന ലക്ഷ്യത്തിന് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന്‍ നടപ്പാക്കും. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
മാലിന്യ സംസ്‌കരണത്തിന് പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലേക്ക് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ എത്തിക്കുന്നവര്‍, ഉത്പന്നങ്ങള്‍ കയറ്റി വരുന്ന വാഹനങ്ങള്‍, വിതരണക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ സമിതി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളിലെ മലിനജലം ഒഴിക്കിവിടാന്‍ പൊതുസംവിധാനം ഉറപ്പാക്കാനും ഭക്ഷണം പാര്‍സല്‍ നല്‍കുന്നതിന് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥര്‍ കച്ചവടക്കാരുമായി സൗഹൃദത്തിലുള്ള ഇടപെടല്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യ സംസ്‌കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമായി കണ്ട് മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയാണ് ക്യാമ്പെയിന്റെ ലക്ഷ്യം. യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, എല്‍.എസ്.ജി ഡി ജൂനിയര്‍ സൂപ്രണ്ട് സി. സുധീര്‍, മലീനകരണ നിയന്ത്രണ ബോഡ് എഞ്ചിനീയര്‍മാരായ എം.എസ് ദീപ്ത, മിഷല്‍ പുതുശ്ശേരി, ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍-ഹരിതകേരളമിഷന്‍ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.