ജില്ലയിലെ കായിക മേഖലക്ക് ശക്തിപകരുകയാണ് കായിക മഹോത്സവമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അന്തർദേശീയ നിലവാരത്തിലുള്ള കായിക താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ജില്ലയിലും കായിക മഹോത്സവം നടത്തുന്നത്.
സംസ്ഥാനത്ത് കായിക മേഖലയുടെ മുന്നേറ്റത്തിന് വേണ്ടി പഞ്ചായത്ത് തലം മുതൽ വിവിധ പദ്ധതികളാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ പ്രീ പ്രൈമറി സ്കൂൾ മുതൽ കായികം ഒരു ഇനം ആയി പഠിപ്പിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. അതിനായി സ്കൂളുകളിൽ പുസ്തകങ്ങളും എത്തിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ സംസ്ഥാനത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും ഇത്തരം കായിക മഹോത്സവങ്ങളിലൂടെ വിവിധ കായിക ഇനങ്ങൾ പരിചയപ്പെടുത്താനുള്ള അവസരം ലഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.