എടവക ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന പോഷണത്തിനായി നടപ്പാക്കുന്ന ഒന്ജായി പദ്ധതി ഉദ്ഘാടനവും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ ലിംഗപദവി പഠന റിപ്പോര്‍ട്ട് വീരാംഗനയുടെ പ്രകാശനവും ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്, വിവിധ ഏജന്‍സികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ സാമൂഹിക-വൈകാരിക-പഠന പോഷണം- ഊര് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

പട്ടികവര്‍ഗഗ്ഗ വികസന വകുപ്പ്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, ഊരുവികസന സമിതികള്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി വിഭാഗം, ഡയറ്റ്, മാനന്തവാടി ഗവ.കോളേജ്, കമ്മന ഗോത്ര ദീപം വായനശാല, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഊര്തല ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിച്ചു.

ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ.വിജയന്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ ജെന്‍സി ബിനോയി, ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് അയാത്ത്,
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ.ശശീന്ദ്ര വ്യാസ്, ഡയറ്റ് സീനിയര്‍ അധ്യാപകന്‍ എം.ഒ സജി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ട്രൈബല്‍ സോഷ്യോളജി വിഭാഗം അസി. പ്രൊഫസര്‍ പി. ഹരീന്ദ്രന്‍, കില റിസോഴ്‌സ്‌പേഴ്‌സണ്‍ പി ശിഹാബ്, ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.