കേരള നോളജ് ഇക്കോണമി മിഷന്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കായി വെങ്ങപ്പള്ളി പഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും തൊഴിലന്വേഷകരുമായി സംവദിക്കാനുമുള്ള സ്ഥിരം ഓഫീസാണ് ഫെസിലിറ്റേഷന്‍ സെന്റര്‍.
തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാനും കരിയര്‍ സപ്പോര്‍ട്ടിങ് സേവനങ്ങളും ഫെസിലിറ്റേഷന്‍ സെന്ററില്‍ ലഭിക്കും. സ്‌കില്‍ ഗ്യാപ് അസസ്സ്‌മെന്റ, സ്‌കില്‍ കോഴ്‌സുകള്‍, തൊഴില്‍ അവസരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ട്. ജില്ലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള 18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ദീപ രാജന്‍, തോമസ്, ഷംന, പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.