പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി.
58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍ യോഗത്തെ അറിയിച്ചു. 173 പൊതുവിപണികള്‍ പരിശോധിച്ചതില്‍ വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി അപേക്ഷിച്ച 248 അപേക്ഷകളില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ അന്വേഷണം നടത്തി 219 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ നാല് മാസ കാലയളവില്‍ 474 അപേക്ഷകള്‍ ലഭിച്ചു.
അര്‍ഹരായ 416 പേരുടെ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അനുമതിക്കായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. അനര്‍ഹമായി കൈവശം വെച്ചിരുന്ന മുന്‍ഗണന എ.എ.വൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ തിരുനെല്ലി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം റുഖിയ സൈനുദ്ദീന്‍, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഗംഗാധരന്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ. ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ് ജയരാജ്, എ. ജോണി, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എ.സുമിത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.