കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയുടെ നേതൃത്വത്തില്‍ വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് പുതുക്കാട് – തൃക്കൂര്‍ പഞ്ചായത്തുകളില്‍ സ്വീകരണം നല്‍കി. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് വികസിത് ഭാരത് സങ്കല്പ് യാത്ര. എല്ലാ പദ്ധതികളുടെയും ഗുണഫലം താഴെത്തട്ടില്‍ വരെ എത്തണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പ്രാമുഖ്യം നല്‍കിയാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വായ്പകള്‍, സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ജില്ലയില്‍ പുരോഗമിക്കുന്നത്. വിവിധ സ്‌കീമുകളിലുള്ള ലോണ്‍ അപേക്ഷകള്‍ നല്‍കാനുള്ള അവസരവും പരിപാടിയോട് അനുബന്ധിച്ചു നടന്നു. കൂടാതെ ആരോഗ്യ ക്യാമ്പുകള്‍, ക്ഷയരോഗ നിര്‍ണയം, ആയുഷ്മാന്‍ കാര്‍ഡ് ജനറേഷന്‍, പിഎം ഉജ്ജ്വല ന്യൂ എന്റോള്‍മെന്റ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്റോള്‍മെന്റ് എന്നിവയും ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കിയിരുന്നു. ജനുവരി 25 വരെ നടക്കുന്ന പര്യടനത്തിലൂടെ ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും വികസിത ഭാരത് സങ്കല്പ യാത്ര നടക്കും.

അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ലീഡ് ബാങ്ക് മാനേജര്‍ മോഹന ചന്ദ്രന്‍, നബാര്‍ഡ് ഡിഡിഎം സെബിന്‍ ആന്റണി, ഫാക്ട് ഡിജിഎം വി പാണ്ഡ്യന്‍, കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ ഡോ. അമ്പിളി ജോണ്‍, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതുക്കാട് പഞ്ചായത്തില്‍ സിജി തീയേറ്ററിന് മുന്‍വശത്തുള്ള മൈതാനത്തും കല്ലൂര്‍ സെന്റ് റാഫേല്‍ പള്ളി മൈതാനിയിലും വച്ചാണ് യഥാക്രമം വികസിത് ഭാരത് സങ്കല്പ് യാത്രയുടെ സ്വീകരണം ഒരുക്കിയത്.