പട്ടികജാതി വിഭാഗത്തില്‍പെട്ട വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് സമഗ്ര ആരോഗ്യ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് ചികിത്സയും വിവിധ ആയുര്‍വേദ മരുന്നുകളും സൗജന്യമായി ലഭിക്കും. സൗജന്യ ചികിത്സക്കുള്ള കാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. കൃത്യമായ ഇടവേളകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ വ്യക്തമാക്കി.

ഭാരതീയ ചികിത്സാ വകുപ്പ് മുഖേന പാലക്കാട് ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നിര്‍വഹണം നടത്തുന്ന എസ്.സി വയോജന സമഗ്ര ആരോഗ്യ പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ഡിസ്പെന്‍സറി ഹാളില്‍ നടന്ന പരിപാടിയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. റഹിയാനത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍മാരായ മുസ്തഫ, അബ്ദുല്‍ അലി മടത്തൊടി, ഫാര്‍മസിസ്റ്റ് വര്‍ണ എന്നിവര്‍ പങ്കെടുത്തു.