തവനൂർ ഗ്രാമപഞ്ചായത്ത് ‘ട്വിംഗിൾ ദി എജ്യു ബിനാലെ’ പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽ എം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെആവശ്യകതയാണെന്ന് എം.എൽ.എ പറഞ്ഞു. നമ്മുടെ മതനിരപേക്ഷത നിലനിൽത്തുന്നത് പൊതുവിദ്യാലയങ്ങളാണ്. ഒരു നാടിന്റെ പുരോഗതി വിലയിരുത്തുന്നതിന് മറ്റെല്ലാ വികസനത്തേക്കാളും പരിഗണിക്കുന്നത് ആ നാട്ടിലെ വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അക്കാദമിക് തലത്തിലും ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സർക്കാർ സ്‌കൂളുകൾ ഇന്ന് സ്വകാര്യസ്ഥാപനങ്ങളേക്കാൾ മികച്ച നിലവാരം പുലർത്തുന്നതായും എം.എൽ.എ കൂട്ടിച്ചേർത്തു.

തവനൂർ ഗ്രാമപഞ്ചായത്ത് തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ ജനുവരി നാല് മുതൽ എട്ട് വരെ അഞ്ചു ദിവസങ്ങളിലായി മഹോത്സവം നടക്കുന്നത്. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്.ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ലിഷ, പി.എസ് ധനലക്ഷ്മ‌മി, എ.പി വിമൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൂട്ടാക്കിൽ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽലീഗൽ സെൽ ചെയർമാൻ ഡോ. പ്രദീപ്‌കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനാൻ ,എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർപി.വി ഹൈദരാലി, വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ പങ്കെടുത്തു.

കേരളം ആർജിച്ച നേട്ടങ്ങൾ പൊതുജന സമക്ഷം അവതരിപ്പിക്കുക, പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക, മുഴുവൻ കുട്ടികളെയും പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിച്ച് ശാസ്ത്രബോധവും പാരബോധവും മതനിരപേക്ഷചിന്തയും നന്മയുള്ളവരുമായ തലമുറയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 14 നൂതന പദ്ധതികളാണ് ഇത്തവണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ട്വിംഗിൾ ദി എജ്യു ബിനാലെ സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത പരിധിയിൽ ഉൾപ്പെടുന്ന പത്തു സ്‌കൂളുകളിലെ വിദ്യാർഥികളാണ് പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്നത്. പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, റെയിൽവേ സ്റ്റേഷൻ തുടങ്ങി നിരവധി പൊതുയിടങ്ങളുടെയും പഠനോപകരണങ്ങളുടെയും ചെറു മാതൃകകൾ.തെർമോക്കോൾ,കാർഡ് ബോഡ് തുടങ്ങി ഉപയോഗശ്യൂനമെന്ന് കരുതി നാം വലിച്ചെറിയുന്ന ഓരോന്നിലും പഠന ഉപകരണങ്ങളും അലങ്കാര വസ്തുക്കളുമാക്കി മാറ്റാമെന്ന് തെളിയിക്കുയാണ് കുരുന്നുകൾ.

തവനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി തവനൂർ കെ.എം.ജി.വി.എച്ച്.എസ്.എസ് മൈതാനിയിൽ ഒരുക്കിയ പ്രദർശനത്തിലെ ഓരോ വിദ്യാലയങ്ങളിലെയും സ്റ്റാളുകൾ ശ്രദ്ധയാകർഷിക്കുന്നത്. കൂടാതെ അബുദാബി, സിറിയ, മാലിദ്വീപ് ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിലെ നാണയങ്ങളും പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.പഞ്ചായത്ത് പരിധിയിലെ പത്തോളം വിദ്യാലയങ്ങളിലെ വിദ്യാഥികളാണ് ട്വിംഗിൾ ദി എജ്യു ബിനാലെയിൽ പങ്കെടുക്കുന്നത്.

ഐ.എസ് .ആർ.ഒ, പ്ലാനിറ്റോറിയം, വാസ്തുവിദ്യാ ശാസ്ത്രം, സാഹിത്യ- ലളിതകലാ അക്കാദമി, ഖാദി ബോർഡ്, കാർഷിക കോളേജ്, ഇല ഫൗണ്ടേഷൻ, റൈഡ്കോ, ഗ്രന്ഥശാല സമിതി പുസ്തകസ്റ്റാൾ, വായനശാലകൾ, ഹരിത കർമ്മ സേന തുടങ്ങി 51 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ അധ്യക്ഷത വഹിച്ചു.