അട്ടപ്പാടിയില്‍ മില്ലറ്റ് കൃഷി ഇപ്പോള്‍ സജീവമാണ്. മില്ലറ്റ് വില്ലേജ് പദ്ധതി പ്രകാരമാണ് കൃഷി തുടരുന്നത്. 2017 ല്‍ പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് അട്ടപ്പാടി മേഖലയില്‍ 150 ഏക്കറോളമാണ് മില്ലറ്റ് കൃഷി ഉണ്ടായിരുന്നത്. ഒരു സീസണില്‍ ഏകദേശം 2500 ഏക്കറോളം മില്ലറ്റ് കൃഷി നിലവില്‍ ചെയ്യുന്നുണ്ട്. ഒരു വര്‍ഷം രണ്ട് സീസണുകളാണുളളത്. ഏപ്രില്‍-മെയ് മാസം മുതല്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ വരെ ഒന്നാം സീസണും സെപ്റ്റംബര്‍- ഒക്ടോബര്‍ മുതല്‍ ഡിസംബര്‍- ജനുവരി വരെ രണ്ടാം സീസണുമാണ്. പ്രാരംഭഘട്ടത്തില്‍ 40 ഊരുകളില്‍ ആരംഭിച്ച പദ്ധതി നിലവില്‍ 97 ഊരുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഒരു സീസണില്‍ ശരാശരി 250 ടണ്ണോളം മില്ലറ്റ്‌സ് ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ 40 ടണ്ണോളം പയര്‍വര്‍ഗങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.
ഒരു വര്‍ഷം രണ്ട് സീസണുകളിലായി ഈ 2500 ഏക്കറില്‍ കൂടുതലും റാഗിയും ചാമയുമാണ് കൃഷി ചെയ്യുന്നത്. പുറമെ കുതിരവാലി, കമ്പ്, മണിച്ചോളം എന്നിവയും കൃഷി ചെയ്തുവരുന്നു. ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലുമായി ആരംഭിച്ച ചെറുധാന്യ കാര്‍ഷിക പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി.
ആദിവാസി വിഭാഗത്തിന്റെ പരമ്പരാഗത കൃഷിരീതി വീണ്ടെടുക്കുക, അട്ടപ്പാടി ജനതയുടെ തനത് ഭക്ഷണമായ മില്ലറ്റ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. പ്രകൃതിയോട് ഇണങ്ങിയുള്ള കൃഷി രീതിയാണ് മില്ലറ്റ് കൃഷി. പൂത്തുനില്‍ക്കുന്ന ചെറുധാന്യ പാടശേഖരങ്ങളും അവയുടെ വിളവെടുപ്പും കണ്ണിനിമ്പമേകുന്ന കാഴ്ചയാണ്.മില്ലറ്റ് കൃഷിക്ക് ഹെക്ടറിന് 12,000 രൂപ സബ്‌സിഡി
2020 ലെ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.99 കോടി രൂപ ചെലവിലാണ് മില്ലറ്റ് വില്ലേജ് പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മില്ലറ്റ് കൃഷിക്കായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 12,000 രൂപ എന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. അട്ടപ്പാടിക്കാരുടെ ജീവിതരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ മില്ലറ്റ് വില്ലേജ് പദ്ധതിക്ക് സാധിച്ചുവെന്ന് മാത്രമല്ല കൃഷി ഉപേക്ഷിച്ച പലരും കൃഷിയിലേക്ക് തിരിച്ചെത്തുന്നതായി മില്ലറ്റ് വില്ലേജ് കൃഷി ഓഫീസര്‍ ടി.കെ രജിത്ത് പറയുന്നു.
മില്ലറ്റ് കൃഷിരീതിയെ കുറിച്ച് പഠിക്കാന്‍ വിദ്യാര്‍ത്ഥികളും കര്‍ഷകരും ഗവേഷകരും ഉള്‍പ്പെടെ നിരവധി പേര്‍ അട്ടപ്പാടിയില്‍ എത്തുന്നുണ്ട്. മില്ലറ്റിനെ കുറിച്ച് പഠിക്കാനും പരിശീലനത്തിനുമുള്ള കേന്ദ്രമായി മില്ലറ്റ് വില്ലേജ് പദ്ധതി മാറിയിട്ടുണ്ട്.2023 ല്‍ ബെസ്റ്റ് മില്ലറ്റ് പ്രൊമോഷന്‍ സ്റ്റേറ്റിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കിയിരുന്നു. അട്ടപ്പാടി മില്ലറ്റ് ഗ്രാമപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്.
എ.ടി.എഫ്.എ.എം മുഖേന 36 ഓളം മില്ലറ്റ് ഉത്പന്നങ്ങള്‍ വിപണിയില്‍
അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ ഫോര്‍ മില്ലറ്റ്‌സ് (എ.ടി.എഫ്.എ.എം.) മുഖേനയാണ് മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത്. ഇതിലൂടെ അട്ടപ്പാടിയിലെ കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്നു. ഈ വര്‍ഷം ഇതുവരെ ഏഴര ലക്ഷം രൂപ വിറ്റുവരവ് ലഭിച്ചിട്ടുണ്ട്. റാഗി പുട്ടുപൊടി, റാഗി ദോശ മിക്‌സ്, ചാമ ഉപ്പുമാവ് മിക്‌സ്, പനിവരഗ് അരി, കമ്പ് ദോശ മിക്‌സ്, മണിച്ചോളം മാവ് തുടങ്ങിയ 36 ഉല്‍പ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ആവശ്യക്കാര്‍ക്ക് തപാല്‍ മാര്‍ഗ്ഗവും അയക്കുന്നുണ്ട്. 9645298860 എന്ന നമ്പറിലും 9072017833 ലും ബന്ധപ്പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാം.
വിത്തുകള്‍ക്കായി സീഡ് ബാങ്കുകളും
പരമ്പരാഗത വിത്തുകളുടെ സുഗമമായ ലഭ്യതക്കും വിതരണത്തിനുമായി അട്ടപ്പാടിയില്‍ രൂപീകരിച്ചിട്ടുളള 15 സീഡ് ബാങ്കുകള്‍ മുഖേന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് ചെറുധാന്യ വിത്തുകള്‍ വിതരണം ചെയ്ത് വരുന്നുണ്ട്. വിത്തുകള്‍ക്കായി 8593962746 ലും 8157050629 ലും ബന്ധപ്പെടാം.