പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രൂപീരിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ ഓഫീസുകള്‍ അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലീഗല്‍ മെട്രോളജി വകുപ്പില്‍ 65 തസ്തികകളാണ് പുതുതായി അനുവദിച്ചത്. മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് 23ഓളം തസ്തികകള്‍ ആദ്യഘട്ടത്തില്‍ അനുവദിച്ചു. തുടര്‍ന്ന് 14 താലൂക്ക് ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍ അനുവദിച്ചപ്പോള്‍ ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി 42 തസ്തികകള്‍ കൂടി അധികമായി അനുവദിച്ചു. പുതുതായി അനുവദിച്ച 14 താലൂക്ക് ഇന്‍സ്‌പെക്ടര്‍ ഓഫീസുകളില്‍ നാലാമത്തേതാണ് കോന്നിയിലേത്. വര്‍ക്കല, കാട്ടാക്കട, പത്തനാപുരം എന്നിവിടങ്ങളിലെ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. മറ്റ് 10 ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അരിക്ക് വില വന്‍തോതില്‍  വര്‍ദ്ധിച്ചപ്പോള്‍ സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ ലീഗല്‍മെട്രോളജി വകുപ്പ് കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നു. 40 രൂപ വിപണിയില്‍ വിലയുള്ള അരി ചില ഷോപ്പിംഗ് മാളുകളില്‍ 50 രൂപയ്ക്കാണ് വിറ്റിരുന്നത്. 80ഓളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത് വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതിനെതുടര്‍ന്ന് അരിവിലയില്‍ വലിയ കുറവാണുണ്ടായത്. ഗ്യാസ് സിലിണ്ടറുകളിലും വലിയ തോതില്‍ അളവില്‍ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിനെതിരെയും ശക്തമായ നടപടിയാണ് വകുപ്പ് എടുത്തത്. ഇതിന്റെ ഫലമായി കൃത്യമായ അളവില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞു. അളവിലും വിലയിലും ഗുണനിലവാരത്തിലും തട്ടിപ്പുകള്‍ നടത്തുന്ന വന്‍കിട വ്യാപാരസ്ഥാപനങ്ങളുണ്ട്. പലതരം പ്രലോഭനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്.  പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയാറില്ല. ഇത്തരത്തിലുള്ളവരെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് ജനങ്ങള്‍ക്ക് ശരിയായ അളവിലും വിലയിലും സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് കോന്നിയില്‍ സ്ഥാപിക്കുന്ന കാലിബറേഷന്‍ യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും ചില നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കോന്നിയിലെ ഫുഡ്‌ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ഗ്രാമപഞ്ചായത്ത് അംഗം സുലേഖ വി.നായര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ.പി.സുരേഷ് ബാബു, ജോയിന്റ് കണ്‍ട്രോളര്‍ ആര്‍.റീന ഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ വി.എസ്.ജനാര്‍ദനന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയന്‍, സി.ജി.ദിനേശ്, പി.ആര്‍.ഗോപിനാഥന്‍, സാമുവല്‍ കിഴക്കുപുറം, എസ്.സന്തോഷ് കുമാര്‍, പി.ഐ.അബ്ദുള്‍ മുത്തലിഫ്, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, സ്റ്റാന്‍ലി ചള്ളയ്ക്കല്‍, ജോണ്‍സണ്‍ നിരവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.                         (പിഎന്‍പി 3470/18)