സര്‍ക്കാര്‍ ഓഫീസുകളുള്‍പ്പെടെയുള്ള വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനകരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍. തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു കമ്മീഷനംഗം. ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ചിലര്‍ കരുതിക്കൂട്ടി ഏതെങ്കിലുമൊരു വനിതാ ഉദ്യോഗസ്ഥയെ കേന്ദ്രീകരിച്ച് ഒന്നിനു പുറകേ ചോദ്യങ്ങള്‍ നിരന്തരമായി ചോദിച്ച് അവരെ മാനസികമായി ബുദ്ധിമുട്ടിപ്പിക്കുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തും. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ യാതൊരുവിധ മാനസിക പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ക്ക് നിര്‍ഭയമായും സുരക്ഷിതമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് വകുപ്പ് മേധാവിയുടെ ഉത്തരവാദിത്തമാണ്.  ഇതിനായി സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ എല്ലാ സ്ഥാപനങ്ങളിലും  അടിയന്തരമായി രൂപീകരിച്ച് ഇതിന്റെ പ്രവര്‍ത്തനം സജീവവും ശക്തവുമാക്കണം. മിക്ക സ്ഥാപനങ്ങളിലും ഇതുവരെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടില്ലായെന്നത് വളരെ ഖേദകരമാണ്. രൂപീകരിച്ച സെല്ലുകളില്‍ നിഷ്‌ക്രിയമായ അവസ്ഥയിലുള്ളതുമുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാതികള്‍ സെല്ലുകളില്‍ ലഭിക്കുന്നത് പോലിസിനോ വനിതാ കമ്മീഷനോ അടിയന്തരമായി കൈമാറേണ്ടതാണെന്നും കമ്മീഷനംഗം പറഞ്ഞു.
മെഗാ അദാലത്തില്‍ ആകെ 90 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. 14 എണ്ണം പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി കൈമാറി. ആറ് പരാതികള്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടിനായും കൈമാറി. 44 പരാതികള്‍ അടുത്ത അദാലത്തില്‍ തുടര്‍ പരിഗണന നടത്തും. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്‌കുമാര്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. എസ്. സീമ, എസ്. സബീന, കെ.ജെ. സിനി, വനിതാ സെല്‍ ഉദ്യോഗസ്ഥ എസ്. സ്മിത, കൗണ്‍സിലര്‍മാരായ രമ്യാ കെ.പിള്ള, അഞ്ജു തോമസ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

അനാരോഗ്യം വകവെക്കാതെ വനിതാ കമ്മീഷനംഗം ഡോ. ഷാഹിദാ കമാല്‍ അദാലത്തില്‍
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കാസര്‍ഗോഡ് വച്ചുണ്ടായ അപകടത്തില്‍ കാലിന് സാരമായ പരിക്കേറ്റ ഡോ. ഷാഹിദ കമാല്‍ അനാരോഗ്യം വകവെക്കാതെയാണ് പരാതികള്‍ പരിഗണിക്കുന്നതിനെത്തിയത്. നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ആളുകള്‍ അദാലത്തിനായി എത്തുന്നത്. ഇവര്‍ക്ക് സേവനം ചെയ്യുകയാണ് തങ്ങളുടെ കടമയെന്നും അതിനാലാണ് ആരോഗ്യം കണക്കിലെടുക്കാതെ ഇത്രയും ദൂരം യാത്ര ചെയ്ത് അദാലത്തിനെത്തിയതെന്നും കമ്മീഷനംഗം പറഞ്ഞു.