ഉന്നതവിജ്ഞാനം ജനസമൂഹത്തിലേക്ക് എത്തിക്കാൻ ചോദ്യം ചോദിക്കാൻ പ്രചോദിപ്പിച്ച് ‘പ്രബുദ്ധത’ പദ്ധതിയ്ക്ക് തുടക്കമായി. ഉന്നത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണവും സാമൂഹ്യവത്കരണവും ലക്ഷ്യമിട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് പദ്ധതി നടപ്പാക്കുന്നത്. പാളയം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ‘പ്രബുദ്ധത ഇൻസ്റ്റലേഷനെ’ കേന്ദ്രീകരിച്ച് നടന്ന വ്യത്യസ്തമായ ചടങ്ങിൽ പദ്ധതിയുടെ പ്രചാരണ ക്യാമ്പയിൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.
പദ്ധതിയിലൂടെ ജനങ്ങൾ ചോദിക്കുന്ന പ്രസക്തമായ ചോദ്യങ്ങളും നിർദേശങ്ങളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ സിലബസ് രൂപീകരണത്തിലും പരീക്ഷാ നടത്തിപ്പിലും പ്രാവർത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു.


കാമ്പസിൽ ചോദ്യചിഹ്നത്തിന്റെ രൂപമുള്ള ഇൻസ്റ്റലേഷനാണ് തയാറാക്കിയിരിക്കുന്നത്. ഇതിലുള്ള ചോദ്യപ്പെട്ടിയിൽ ജനങ്ങൾക്ക് ചോദ്യങ്ങൾ നിക്ഷേപിക്കാൻ അവസരമുണ്ട്. ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ചോദ്യങ്ങൾ നിക്ഷേപിച്ചു.
പദ്ധതിയുടെ പ്രഥമ മാതൃക കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കരകുളം ഗ്രാമപഞ്ചായത്തിലാണ് നടപ്പാക്കിവരുന്നത്. പ്രബുദ്ധത വോളണ്ടിയർമാർ കരകുളം പഞ്ചായത്തിൽ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പിൻബലത്തോടെ പ്രവർത്തിക്കുകയും, ഉന്നതവിജ്ഞാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സാധാരണക്കാരിൽ ചിന്തകൾ ഉണർത്താനാകുന്ന ചോദ്യങ്ങൾ ഉന്നയിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. ഉന്നതവിജ്ഞാന ഉത്പന്നങ്ങളിൽ നികുതിദായകരായ തങ്ങൾക്കും അവകാശമുണ്ടെന്ന ബോധം സമൂഹത്തിൽ ഉളവാക്കാനാണ് പ്രബുദ്ധത ടീം ശ്രമിക്കുക.
സമൂഹത്തിൽനിന്ന് ശേഖരിക്കുന്ന ചോദ്യാവലികൾ തുറന്ന കത്തുകളായി ബന്ധപ്പെട്ട വിജ്ഞാനകേന്ദ്രങ്ങൾക്കും വിദഗ്ധർക്കും അയച്ചുകൊടുക്കുകയും മറുപടി തേടുകയും ചെയ്യും.
ഉത്തരങ്ങളുമായി വിദഗ്ധർ കരകുളം പഞ്ചായത്തിലെത്തുന്ന ദിവസം പ്രബുദ്ധതാ ദിനമായി ആചരിക്കും. കേരള സമൂഹത്തിൽ നിന്ന് ലഭിച്ച ആശയങ്ങളും, ആവശ്യങ്ങളും ഗവേഷണവിഷയങ്ങളും അന്ന് കരകുളം നിവാസികൾ അധികാരികാരികൾക്ക് കൈമാറും.
ക്യാമ്പയിൻ ഉദ്ഘാടനചടങ്ങിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, കേരള സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. ഗണേഷ്, കരകുളം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില തുടങ്ങിയവർ സംബന്ധിച്ചു.