സംസ്ഥാനത്ത് 2018 -19 സീസണില്‍ സംഭരിക്കുന്ന വിത്തുതേങ്ങയുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.  വിത്തുതേങ്ങ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു. ഇതനുസരിച്ച് 2018 -19 സീസണില്‍ സംസ്ഥാനത്ത് സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി/ കുറിയ ഇനം വിത്തുതേങ്ങയുടെ വില് ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തുതേങ്ങയ്ക്ക് 75 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.  നേരത്തെ ഇത് 45, 50 രൂപ പ്രകാരമായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും ഗുണമേന്മയുള്ള വിത്തുതേങ്ങകള്‍ സംഭരിക്കുന്നത് കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.  ഏറ്റവും മികച്ച ഗുണനിലവാരമുള്ള കുറ്റ്യാടി, ചാവക്കാട് പ്രദേശങ്ങളില്‍ നിന്നാണ് വിത്തുതേങ്ങയില്‍ ഏറിയ പങ്കും ശേഖരിക്കുന്നത്.
സാധാരണ തേങ്ങ ഒന്നിന് 10 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന സമയത്താണ് വിത്തുതേങ്ങയുടെ വില 45, 50 രൂപ പ്രകാരം നിശ്ചയിച്ചിരുന്നത്.